തടി കുറയ്ക്കാനായി ഭര്‍ത്താവ് ജിമ്മില്‍ പറഞ്ഞുവിട്ട യുവതിക്ക് തന്‍റെ ട്രെയിനറുമായി പ്രണയം. പിന്നാലെ ട്രെയിനറിനും സുഹൃത്തായ പൊലീസുകാരനുമൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. തെലങ്കാന വാറങ്കലിലാണ് സംഭവം. ഡോക്ടറായ സുമന്താണ് കൊല്ലപ്പെട്ടത്. കേസില്‍ സുമന്തിന്‍റെ ഭാര്യ ഫ്ലോറ അടക്കം മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

കഴിഞ്ഞ ഇരുപതിനാണ് സുമന്തിനെ തലയ്ക്കടിയേറ്റ് ഗുരുതര പരുക്കുകളോടെ റോഡരികില്‍ കണ്ടെത്തുന്നത്.2016 ലാണ് സംഗറെഡ്ഡി സര്‍ക്കാര്‍ കോളജിലെ അധ്യാപികയായ ഫ്ലോറയും ഡോക്ടര്‍ സുമന്ത് റെഡ്ഡിയും വിവാഹിതരാകുന്നത്. എന്നാലെ ജിമ്മിലെ തന്‍റെ ട്രെയിനറായ എറോള സാമുവെലുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ സുമന്ത് കുടുംബ സമേതം വാറങ്കലിലേക്ക് മാറിയെങ്കിലും ഇരുവരും പ്രണയും തുടര്‍ന്നു.

ഇതുസംബന്ധിച്ച് വഴക്ക് പതിവായതോടെ ഫ്ലോറ കാമുകന്‍ സാമുവലുമായി ഗൂഢാലോചന നടത്തി സ്വന്തം ഭര്‍ത്താവിനെ വകവരുത്തുകയായിരുന്നു.സുമന്തിനെ കൊല്ലാനായി ഒരുലക്ഷം രൂപയും ഫ്ലോറ സാമുവലിന് കൈമാറി. തന്‍റെ സുഹൃത്തായ പൊലീസ് ഓഫീസര്‍ മഞ്ജുരി രാജ്കുമാറുമൊന്നിച്ച് കഴിഞ്ഞ ഇരുപതിനു വീട്ടിലേക്കു മടങ്ങുകയായിരുന്ന സുമന്തിനെ സാമുവല്‍ ആക്രമിക്കുകയായിരുന്നു.

സുമന്തിനെ സാമുവല്‍ ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു വീഴ്ത്തി. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് സുമന്ത് മരിക്കുന്നത്. അജ്ഞാതരുടെ ആക്രമണമെന്ന രീതിയില്‍ തുടങ്ങിയ അന്വേഷണത്തില്‍ ഫ്ലോറയുടെ ഫോണ്‍ രേഖകളാണ് നിര്‍ണായകമായത്. സാമുവലുമായി നിരന്തര ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ഗൂഢാലോചനസമ്മതിക്കുകയായിരുന്നു. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *