ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ന്യൂസീലന്‍ഡിനെ കീഴടക്കി ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സെമിയില്‍. 44 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 45.3 ഓവറില്‍ 205 റണ്‍സിന് ഓള്‍ഔട്ടായി.

സ്പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചാണ് ഇന്ത്യ വിജയം കൊയ്തത്. മാര്‍ച്ച് നാലിന് ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.120 പന്തില്‍ നിന്ന് ഏഴു ബൗണ്ടറിയടക്കം 81 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ മാത്രമാണ് കിവീസ് നിരയില്‍ പൊരുതി നോക്കിയത്.

പക്ഷേ പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് കിവീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റ് നേടി.

കിവീസ് ബാറ്റ് ചെയ്ത 45.3 ഓവറില്‍ ഇന്ത്യയ്ക്കായി 37.3 ഓവറും എറിഞ്ഞത് സ്പിന്നര്‍മാരാണ്.രചിന്‍ രവീന്ദ്ര (6), വില്‍ യങ് (22), ഡാരില്‍ മിച്ചല്‍ (17), ടോം ലാഥം (14), ഗ്ലെന്‍ ഫിലിപ്‌സ് (12), മൈക്കല്‍ ബ്രേസ്‌വെല്‍ (2) എന്നിവര്‍ക്കൊന്നും തന്നെ ഒരറ്റത്ത് നങ്കൂരമിട്ട് കളിച്ച വില്യംസ് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. 31 പന്തില്‍ 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുടെ ഇന്നിങ്‌സ് പരാജയഭാരം കുറയ്ക്കാനേ ഉപകരിച്ചുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *