ന്യൂഡല്‍ഹി: നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയ വിവരം ഇന്ത്യയെ അറിയിക്കാൻ വൈകിയതായി വിമർശനം. ഫെബ്രുവരി പതിനഞ്ചിനാണ് യുഎഇ നിയമപ്രകാരം ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് യുഎഇയിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചത്

ഫെബ്രുവരി 28നാണ്. വധശിക്ഷ നടത്തിയത് അറിയിക്കാത്തിൽ വിദേശ കാര്യമന്ത്രാലയത്തിന് അമർഷമുണ്ട്. വിദേശകാര്യമന്ത്രാലയം ഡൽഹി ഹൈക്കോടതിയിൽ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.ഷഹ്‌സാദി ഖാന്റെ മാതാപിതാക്കളായ ഷബീർ ഖാനും നസ്ര ബീഗത്തിനും തിങ്കളാഴ്ചയാണ് വധശിക്ഷ നടപ്പിലാക്കിയ വിവരം ലഭിച്ചത്.

ഫെബ്രുവരി 15 ന് വധശിക്ഷ നടപ്പാക്കുന്നതിന് ഒരു ദിവസം മുമ്പ് മാതാപിതാക്കളെ ഷഹ്‌സാദി ഖാൻ വിളിച്ചിരുന്നു. ഇത് അവസാനമായി വിളിക്കുന്നു എന്നാണ് ഷഹ്‌സാദി ഖാൻ മാതാപിതാക്കളോട് പറഞ്ഞിരുന്നത്.അവസാന ആഗ്രഹമെന്ന നിലയിലാണ് വീട്ടിലേയ്ക്ക് വിളിക്കാന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയതെന്നും ഷഹ്സാദി പറഞ്ഞിരുന്നു.

ഷബീർ ഖാന്‍ ഈ വിവരം കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് കിട്ടിയ വിവരം വധശിക്ഷ നടപ്പാക്കിയില്ല എന്നായിരുന്നു. നിയമസഹായത്തിനുള്ള നടപടികൾ തുടർന്നും എംബസി സ്വീകരിക്കുകയും ചെയ്തിരുന്നു.

അഭിഭാഷകനെ ഏർപ്പെടുത്താനും അപ്പീൽ നൽകാനും ദയാഹർജി നൽകാനുമൊക്കെ എംബസി ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയ വിവരം വിദേശകാര്യമന്ത്രാലയം അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *