ദുബായ്: ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുകയാണ് ഇന്ത്യ. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ടോസ് വീഴും. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
വരുണ്‍ ചക്രവര്‍ത്തി അടക്കം നാല് സ്പിന്നര്‍മാരെ സെമിയിലും ഉള്‍പ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കുമെന്ന് നായകന്‍ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് ലൈനപ്പ് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം എന്നും രോഹിത് പറഞ്ഞു.ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരം കളിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഹര്‍ഷിത് റാണക്ക് പകരം ന്യൂസിലന്‍ഡിനെതിരെ കളിച്ച വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റുമായി തിളങ്ങിയതിനാല്‍ ഓസ്‌ട്രേലിയക്കെതിരെയും വരുണ്‍ പ്ലേയിംഗ് ഇലവനില്‍ തുടരും. സ്പിന്നര്‍മാരെ സഹായിക്കുന്ന ദുബായിലെ പിച്ചില്‍ നാല് സ്പിന്നര്‍മാര്‍ പ്ലേയിംഗ് ഇലവനിലുണ്ടാകും.
വരുണിനൊപ്പം അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവ് എന്നിവര്‍ പ്ലേയിംഗ് ഇലവനില്‍ തുടരും. ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റത്തിന് സാധ്യതയില്ല. വിക്കറ്റ് പിന്നില്‍ കെ എല്‍ രാഹുലിന്റെ മോശം പ്രകടനമാണ് ഒരു ആശങ്ക. റിഷഭ് പന്തിനെ കളിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ ടീം മാനേജ്‌മെന്റ് അതിന് മുതിര്‍ന്നേക്കില്ല.