ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഇന്ത്യയോട് പരാജയപ്പെട്ട് പുറത്തായതിൽ പ്രതികരണവുമായി ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത്. ബൗളർമാർ വിജയത്തിനായി നന്നായി ശ്രമിച്ചു. ദുബായിലെ പിച്ചിന്റെ സ്വഭാവം വ്യത്യസ്തമാണ്. സ്ട്രൈക്ക് കൃത്യമായ സമയങ്ങളിൽ മാറിക്കൊണ്ടിരിക്കണം.
എല്ലാവരും മികച്ച രീതിയിൽ കളിച്ചു. ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള പിച്ചായിരുന്നു അത്. നിർണായക സമയത്ത് ചില വിക്കറ്റുകൾ വീണു. അതുകൊണ്ട് മികച്ച സ്കോറിലേക്കെത്താൻ സാധിച്ചില്ല. 280ന് മുകളിലായിരുന്നു ഓസീസ് സ്കോറെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു. സ്റ്റീവ് സ്മിത്ത് മത്സരശേഷം പ്രതികരിച്ചു.
ചാംപ്യൻസ് ട്രോഫിക്കെത്തിയ ഓസ്ട്രേലിയൻ ടീമിലെ ബൗളർമാർക്ക് അനുഭവ സമ്പത്ത് കുറവായിരുന്നു. എന്നിട്ടും അവർ മികച്ച രീതിയിൽ കളിച്ചു. മികച്ച സ്കോറിലേക്കെത്താൻ ബാറ്റർമാർ എല്ലായിപ്പോഴും ശ്രമിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ബാറ്റർമാർ മികച്ച പ്രകടനമാണ് നടത്തിയത്.
ചാംപ്യൻസ് ട്രോഫി കളിച്ച ഓസ്ട്രേലിയൻ ടീം മികച്ച ക്രിക്കറ്റ് താരനിരയായി മാറുമെന്നും സ്റ്റീവ് സ്മിത്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.ഐസിസി ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 48.1 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 84 റൺസെടുത്ത വിരാട് കോഹ്‍ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ