ചാംപ്യൻസ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ക്രിക്കറ്റ് ആരാധകരെ ഏറെ ഞെട്ടിച്ച ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്. എന്നാൽ ഈ തീരുമാനം ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി നേരത്തെ അറിഞ്ഞിരുന്നതായാണ്പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മത്സര ശേഷം ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യുമ്പോൾ വിരാട് കോഹ്‌ലി സ്മിത്തിന് കൈ കൊടുത്തശേഷം ആലിംഗനം ചെയ്യുകയും കുറച്ചധികം സംസാരിക്കുകയും ചെയ്തിരുന്നു.ഏകദിന ക്രിക്കറ്റിലെ എന്റെ യാത്ര ഏറെ മികച്ചതായിരുന്നു.
അതിലെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. ഒരുപാട് മികച്ച ഓർമകൾ എനിക്ക് ക്രിക്കറ്റിലുണ്ട്. രണ്ട് ലോകകപ്പുകൾ സ്വന്തമാക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ഈ യാത്രയിൽ ഏറെ മികച്ച സുഹൃത്തുക്കളെയും എനിക്ക് ലഭിച്ചു. സ്മിത്ത് പറഞ്ഞു.ടെസ്റ്റ് ക്രിക്കറ്റായിരിക്കും ഇനി എന്റെ പ്രഥമ പരിഗണനയിലുള്ളത്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലാണ് മുന്നിലുള്ള ലക്ഷ്യം. പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ടെസ്റ്റ് പരമ്പരകളുണ്ട്. ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഒരുപാട് സംഭാവനകൾ നൽകാൻ കഴിയുമെന്നും സ്മിത്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കായി 170 മത്സരങ്ങൾ കളിച്ച താരമാണ് സ്മിത്ത്. 5,800 റൺസ് താരം സ്വന്തമാക്കി. 2015, 2023 ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ സ്മിത്ത് അംഗമായിരുന്നു. 64 ഏകദിനങ്ങളിൽ സ്മിത്ത് ഓസ്ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു. 32 മത്സരങ്ങൾ വിജയിച്ചപ്പോൾ 28ൽ പരാജയപ്പെട്ടു. നാല് മത്സരങ്ങളിൽ ഫലമില്ലായിരുന്നു.