സ്മിത്തിന് പിന്നാലെ ഏകദിന ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലദേശിന്റെ സീനിയർ തരാം മുഷ്ഫിഖുർ റഹിമും. ചാംപ്യൻസ് ട്രോഫിയിലെ ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് 37 കാരന്റെ വിരമിക്കൽ പ്രഖ്യാപനം. ബംഗ്ലാദേശ് ആകെ മൂന്ന് മത്സരങ്ങളിൽ രണ്ട് മത്സരങ്ങൾ തോറ്റിരുന്നു. ശേഷിക്കുന്ന ഒരു മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. രണ്ട് മത്സരത്തിലും താരത്തിന് തിളങ്ങാനായിരുന്നില്ല.
രണ്ടു പതിറ്റാണ്ടോളം നീണ്ട കരിയറിൽ ബംഗ്ലദേശിനായി ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ച താരം, ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരം തുടങ്ങിയ റെക്കോർഡുകളുമായാണ് കളമൊഴിയുന്നത്.
‘ഏകദിന ഫോർമാറ്റിൽനിന്നും ഞാൻ വിരമിക്കുകയാണ്. എല്ലാറ്റിനും ദൈവത്തിന് നന്ദി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ബംഗ്ലാദേശിന് പരിമിതിയുണ്ടെന്നത് ശരി തന്നെയാണ്, എന്നാൽ ഞാൻ കളിച്ച സമയത്തെല്ലാം ടീമിനായി ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. കുറവുകൾ ക്ഷമിക്കണം’ മുഷ്ഫിഖുർ കൂട്ടിച്ചേർത്തു.
274 മത്സരങ്ങളിലാണ് റഹിം ബംഗ്ലദേശ് ജഴ്സിയണിഞ്ഞത്. 36.42 ശരാശരിയിൽ 7795 റൺസാണ് സമ്പാദ്യം. ഇതിൽ ഒമ്പത് സെഞ്ച്വറികളും 49 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു.
79.70 ആണ് സ്ട്രൈക്ക് റേറ്റ്. ബംഗ്ലദേശ് താരങ്ങളിൽ 8357 റൺസുമായി തമിം ഇക്ബാൽ മാത്രമാണ് ഏകദിനത്തിലെ റൺവേട്ടക്കാരിൽ മുഷ്ഫിഖുർ റഹിമിന് മുന്നിലുള്ളത്. വിക്കറ്റ് കീപ്പറായ മുഷ്ഫിഖുർ റഹിം 243 ക്യാച്ചുകളും 56 സ്റ്റംപിങ്ങുകളും സ്വന്തമാക്കിയിട്ടുണ്ട്