ആസിഫ് അലി ചിത്രം രേഖാചിത്രം തിയേറ്ററിൽ എന്നപോലെ ഒടിടിയിലും മികച്ച പ്രതികരണമാണ് നേടുന്നത്. തിരക്കഥയും സംവിധാന മികവും അഭിനേതാക്കളുടെ പ്രകടനവും ഉൾപ്പടെ എല്ലാ മേഖലകൾക്കും മികച്ച പ്രതികരണമാണ് ഒടിടിയിലും ലഭിക്കുന്നതെങ്കിലും അതിൽ തന്നെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്നത് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എൺപതുകളിലെ മമ്മൂട്ടിയെ പുനരവതരിപ്പിച്ചതാണ്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച എഐ വർക്കുകളിൽ ഒന്ന് എന്നാണ് ഈ രംഗങ്ങളെക്കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മറ്റ് ഇൻഡസ്ട്രികളിൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമകൾ ചെയ്യുന്നതിന് പലരും കോടികൾ മുടക്കുകയും എന്നാൽ മോശം ഔട്ട്പുട്ടുകൾ ലഭിക്കുകയും ചെയ്യുമ്പോൾ ഇവിടെ വളരെ ചുരുങ്ങിയ ബജറ്റിൽ മികച്ച ഔട്ട്പുട്ടാണ് ജോഫിൻ ടി ചാക്കോയും സംഘവും ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.
ഇതിനോട് ചുവടുപിടിച്ച് ഇന്ത്യൻ 2 എന്ന സിനിമയിൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നെടുമുടി വേണുവിനെയും, അതുപോലെ ഗോട്ട് ചിത്രത്തിൽ വിജയകാന്തിനെയും പുനരവതരിപ്പിച്ചിരിക്കുന്ന രംഗങ്ങളെ നിരവധിപ്പേർ വിമർശിക്കുന്നുണ്ട്.
ഷങ്കറും വെങ്കട് പ്രഭുവുമൊക്കെ രേഖാചിത്രം കണ്ടുപഠിക്കട്ടെ എന്നാണ് ചില പ്രേക്ഷകർ കുറിക്കുന്നത്. അതിനൊപ്പം ആദിപുരുഷ് ഉൾപ്പടെയുള്ള സിനിമകളിലെ മോശം വിഎഫ്എക്സ് രംഗങ്ങളെയും പലരും വിമർശിക്കുന്നുണ്ട്.