കാസര്‍കോട് പൈവളിഗെയില്‍ പതിനഞ്ചുകാരിയെയും അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നു എന്നാണ് വിവരം. പക്ഷേ എന്തിനാണ് ഇരുവരും ജീവനൊടുക്കിയത് എന്ന് വ്യക്തമല്ല.
ഇവരുടെ മൃതദേഹങ്ങള്‍ കണ്ട സ്ഥലത്ത് ചോക്ലേറ്റും കത്തിയും പൊട്ടിയ മൊബൈലും കണ്ടെത്തി. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ വീടിന് 200 മീറ്റര്‍ മാറിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ഇതിനു മുന്‍പ് നാട്ടുകാര്‍ മരിച്ച പ്രദീപിന്(42) എതിരെ സ്കൂളില്‍ പരാതി നല്‍കിയിരുന്നു.
പ്രദീപ് പലപ്പോഴായി പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടു പോകുന്നത് കണ്ട് സംശയം തോന്നിയാണ് നാട്ടുകാരുടെ ഇടപെടലുണ്ടായത്. വിഷയത്തില്‍ ചൈല്‍ഡ് ലൈനും ഇടപെട്ടു.
എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കൂട്ടിക്കൊണ്ടു വന്ന് ഇരുവരും തമ്മില്‍ സൗഹൃദം മാത്രമാണുള്ളതെന്ന് പ്രദീപ് സ്കൂളില്‍ പറയിപ്പിച്ചു. പരാതിയും പിന്‍വലിപ്പിച്ചു.അവനിങ്ങനെ ചെയ്യുമെന്ന് കരുതിയില്ല എന്നാണ് പെണ്‍കുട്ടിയുടെ അമ്മ കരഞ്ഞുകൊണ്ട് പറയുന്നത്.
പ്രദീപിനെ സംശയമുണ്ടായിട്ടില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം എന്നാണ് അമ്മ ആവശ്യപ്പെടുന്നത്. കഴിഞ്ഞമാസം 12നാണ് പ്രദീപിനെയും പെണ്‍കുട്ടിയെയും കാണാതായത്ഇതേദിവസം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ കര്‍ണാടകയിലുള്ള ബന്ധുവിന് അയച്ചുകൊടുത്തിരുന്നു. പല സ്ഥലങ്ങളില്‍ വച്ച് പല സമയത്തതായി എടുത്ത 50ല്‍ അധികം ചിത്രങ്ങള്‍ അയച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇതിലൂടെയാണ് ഇരുവരും ഒരുമിച്ച് ഉണ്ടാകുമെന്ന സൂചന പൊലീസിന് ലഭിച്ചത്. പിന്നാലെ കര്‍ണാടക പൊലീസിനെ ബന്ധപ്പെട്ട് കര്‍ണാടകയിലും പരിശോധന തുടങ്ങി.കര്‍ണാകയിലെ പെണ്‍കുട്ടിയുടേയും പരിചയക്കാരിലൂടെയും ബന്ധുക്കളിലൂടെയും തിരച്ചിലില്‍ ഊര്‍ജിതമാക്കി.
പൈവളിഗെയിലെ വീടും പരിസരവും കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ടായിരുന്നു. കര്‍ണാടകയിലേക്ക് ഇരുവരും പോയിട്ടില്ലെന്ന് ഉറപ്പിച്ചതോടെയാണ് വീടിന്‍റെ പരിസരത്ത് കൂടുതല്‍ ആളുകളെ എത്തിച്ച് കര്‍ശനമായ പരിശോധന പൊലീസ് ആരംഭിച്ചത്. ഈ തിരച്ചിലിലാണ് വീടിന് സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.