തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ കൊലപാതകങ്ങള്‍ നടത്തിയ വീടുകളിലും എലിവിഷവും മുളകുപൊടിയും കൊല്ലാനുപയോഗിച്ച ചുറ്റികയും മറ്റും വാങ്ങിയ കടകളിലും എത്തിച്ച് തെളിവെടുത്തു. ലത്തീഫിനെയും ഭാര്യ സജിത ബീവിയേയും കൊലപ്പെടുത്തിയ രീതി അഫാന്‍ പോലീസിനോട് വിവരിച്ചു.

തുടര്‍ന്ന് നടന്ന പരിശോധനയില്‍ ലത്തീഫിന്റെ ഫോണും വീടിന്റെ താക്കോലും കണ്ടെടുത്തു.കിളിമാനൂര്‍ പോലീസ് അഫാനെ മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

ഇതിനു ശേഷമാണ് ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടുകൂടി തെളിവെടുപ്പ് ആരംഭിച്ചത്. ആദ്യം അഫാനെ എത്തിച്ചത് ചുള്ളാളം എസ്എന്‍ നഗറിലുള്ള ലത്തീഫിന്റെ വീട്ടിലേക്കാണ്. ഈ തെളിവെടുപ്പിനിടെ അഫാന്‍ പോലീസിനോട് സജിത ബീവിയെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്നുള്ള കാര്യങ്ങള്‍ വിശദീകരിച്ചു.

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള വിവരണമായിരുന്നു അഫാന്റേത്. ആദ്യം സോഫയിലിരുന്ന ലത്തീഫിനെ ആക്രമിക്കുന്നതിനിടയില്‍ ലത്തീഫിന്റെ മൊബൈലിലേക്ക് കോള്‍ വന്നു. ഇതോടെ തുടര്‍ച്ചയായി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. ഇതുകണ്ട ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് ഓടി.

രക്ഷപ്പെടാന്‍ ശ്രമിച്ച സാജിത ബീവിയെ ആദ്യം അടിച്ചത് അവരുടെ കൈക്കാണ്. പിന്നാലെ പുറകെയെത്തി കൈയില്‍ കൊണ്ടുവന്നിരുന്ന ചുറ്റിക ഉപയോഗിച്ച് തലയില്‍ തുടര്‍ച്ചയായി അടിക്കുകയായിരുന്നു.

“ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ലത്തീഫിന്റെ മൃതദേഹത്തിനു സമീപത്തിരുന്ന് സിഗരറ്റ് വലിച്ചതിനു ശേഷമാണ് ആ വീട്ടില്‍നിന്ന് പുറത്തേക്ക് പോയത്. പോകുന്ന സമയത്ത് ലത്തീഫിന്റെ മൊബൈല്‍ ഫോണും അവിടെയുണ്ടായിരുന്ന വീടിന്റെയും കാറിന്റെയും താക്കോലും എടുത്തു. അപ്പോള്‍ ലത്തീഫിന്റെ ഫോണ്‍ റിങ് ചെയ്യുന്നുണ്ടായിരുന്നു.

അതൊരു ശല്യമായതുകൊണ്ട് വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാറി ഒരിടത്ത് ആ ഫോണും വീടിന്റെ താക്കോലും ഉപേക്ഷിച്ചു. അവിടെ അഫാനെ നേരിട്ട് തെളിവെടുപ്പിനെത്തിച്ച് പോലീസ് ഈ ഫോണും താക്കോലും കണ്ടെടുത്തു.80,000 രൂപ ലത്തീഫിന് നല്‍കാനുണ്ടായിരുന്നു. തന്റെ ആര്‍ഭാട ജീവിതം കാരണമാണ് കടം കയറിയതെന്ന് ലത്തീഫ് പറഞ്ഞതിന്‍റെ പേരിലാണ് കൊലപ്പെടുത്തിയതെന്നാണ് അഫാന്റെ മൊഴി.”

Leave a Reply

Your email address will not be published. Required fields are marked *