ന്യൂഡല്‍ഹി: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായ കുറ്റപ്പെടുത്തലിന് മറുപടിയുമായി ഇന്ത്യ. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

ഇന്ത്യ ഉയര്‍ന്ന തീരുവയാണ് ഈടാക്കുന്നതെന്നും ഇത് കുറയ്ക്കുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചിട്ടുണ്ടെന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.

രണ്ടാം തവണ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ ഡൊണാള്‍ഡ് ട്രംപ് ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ച മേഖലകളില്‍ ഒന്ന് ഇറക്കുമതി തീരുവയാണ്. ഭൂരിഭാഗം ലോകരാജ്യങ്ങളും അമേരിക്കയില്‍നിന്ന് അന്യായമായ തീരുവയാണ് ഈടാക്കുന്നതെന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. ഏപ്രില്‍ രണ്ടാം തീയതി മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് പകരത്തിന് പകരം തീരുവ ഈടാക്കുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്.

ഇന്ത്യ നമ്മളില്‍നിന്ന് വന്‍തോതിലാണ് തീരുവ ഈടക്കുന്നത്. വളരെ ഭീമമായത്. ഇന്ത്യയില്‍ ഒന്നും വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് കഴിഞ്ഞ ദിവസവും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യം ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ തീരുവ കുറയ്ക്കാന്‍ അവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്രംപിന്റെ തുടര്‍ച്ചയായ കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍, ഇറക്കുമതി തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യ യാതൊരു ഉറപ്പും ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്ററി പാനലിനെ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രംപ് ആവര്‍ത്തിച്ച് ഉന്നയിക്കുന്ന ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സെപ്റ്റംബര്‍ മാസം വരെ സമയം ചോദിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇരുരാജ്യങ്ങള്‍ക്കും നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന ഉഭയകക്ഷി വ്യാപാര കരാര്‍ ഒരുക്കുന്നതിനുള്ള നീക്കത്തിലാണ് ഇന്ത്യയും അമേരിക്കയുമെന്നാണ് ഇന്ത്യയുടെ വാണിജ്യ സെക്രട്ടറിയായ സുനില്‍ ബര്‍ത്ത്‌വാള്‍ അഭിപ്രായപ്പെട്ടത്.

തീരുവ സംബന്ധിച്ച ധാരണയ്ക്ക് പുറമെ, ദീര്‍ഘകാലത്തേക്കുള്ളവ്യാപാരബന്ധമാണ് ഈ കരാറിലൂടെ രാജ്യം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.ചില രാജ്യങ്ങള്‍ യു.എസിന് ചുമത്തുന്ന തീരുവ വളരെ കൂടുതലാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവരെല്ലാം കൂടുതല്‍ തീരുവയാണ് ചുമത്തുന്നത്. ഇന്ത്യ 100% ആണ് തീരുവ ചുമത്തുന്നത്.

ഇത് അനീതിയാണ്. അംഗീകരിക്കാനാവില്ല. ഇനി യു.എസും തീരുവ ചുമത്തും. ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ തുടങ്ങും. ഏപ്രില്‍ ഒന്നിന് തുടങ്ങണമെന്നായിരുന്നുആഗ്രഹമെന്നും അന്ന് വിഡ്ഢി ദിനമായതിനാല്‍ മാറ്റിവെയ്ക്കുകയായിരുന്നുവെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *