മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന പ്രത്യേകതയോടെ പുറത്തിറങ്ങിയ ചിത്രത്തിന് നേരെ ഏറെ വിമർശനങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് തെലുങ്ക് നടൻ കിരൺ അബ്ബാവരം.

അമിതമായ വയലൻസ് കാരണം തിയേറ്ററിൽ സിനിമ കണ്ട് പൂർത്തിയാക്കാനായില്ലെന്നും ഒപ്പമുണ്ടായിരുന്ന ​ഗർഭിണിയായ ഭാര്യക്ക് ചിത്രം കണ്ടുകൊണ്ടിരിക്കേ അസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടർന്ന് തീരുംമുന്നേ ഇറങ്ങിപ്പോവുകയായിരുന്നെന്നും കിരൺ പറഞ്ഞു. ​ഗലാട്ട തെലുഗുവിന് നൽകിയഅഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

‘ഞാൻ മാർക്കോ കണ്ടു, പക്ഷേ പൂർത്തിയാക്കിയില്ല. രണ്ടാം പകുതി കണ്ടിരിക്കാൻ കഴിയാത്തതിനാൽ ഞാൻ പുറത്തേക്ക് പോയി. സിനിമയിലെ വയലൻസ് അൽപ്പം കൂടുതലായി തോന്നി. ഞാൻ എന്റെ ഭാര്യയോടൊപ്പമാണ് പോയത്. അവൾ ഗർഭിണിയാണ്.

ഞങ്ങൾക്ക് ആ വയലൻസ് ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ പുറത്തേക്ക് ഇറങ്ങി പോയി. അവൾക്കും സിനിമ സുഖകരമായി തോന്നിയില്ല’, കിരൺ പറഞ്ഞു.സിനിമകൾ സ്വാധീനം ചെലുത്തുന്നതിനെക്കുറിച്ചും നടൻ അഭിപ്രായപ്പെട്ടു.

സിനിമകൾ സ്വാധീനം ചെലുത്താറുണ്ടെന്നും നമ്മൾ കാണുന്നതെന്തും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും മനസിൽ നിലനിൽക്കുമെന്നും കിരൺ പറഞ്ഞു. ‘എല്ലാവരുടെയും ചിന്താഗതി ഒരുപോലെയാകില്ല, സിനിമയെ സിനിമയായി കാണുന്നവരുണ്ട്. പക്ഷേ അതിൽ നിന്ന് എന്തെങ്കിലും ഉൾക്കൊള്ളുന്നവരുമുണ്ട്.

ഇപ്പോൾ ഞാൻ അതിൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ടാകില്ല. പക്ഷേ എന്റെ കൗമാരത്തിന്റെ അവസാനത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ, ഞാനും സ്വാധീനിക്കപ്പെട്ടിരുന്നു’, കിരൺ കൂട്ടിച്ചേർത്തു.മാർക്കോ എന്ന ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഒരു കറുത്ത അധ്യായമാണെന്നാണ് കഴിഞ്ഞ ദിവസം സംവിധായകനും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ എക്സിക്യുട്ടീവ് കമ്മിറ്റി അം​ഗവുമായ വി സി അഭിലാഷ് പ്രതികരിച്ചത്.

ചിത്രം ഒരുക്കിയവരുടെയും അത് ആഘോഷിച്ചവരുടെയും മനോനില പരിശോധിക്കപ്പെടുക തന്നെ വേണം. ഒരു സിനിമാപ്രവർത്തകനായ ശേഷം ഇതാദ്യമായാണ് ‘സിനിമ’യെന്ന പേരിലിറങ്ങിയ ഒന്നിനെ കുറിച്ച് നെഗറ്റീവായെന്തെങ്കിലും താൻ പറയുന്നത് എന്നും വി സി അഭിലാഷ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. അതേസമയംമികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും 100 കോടിയോളമാണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *