ദില്ലി: ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ത്യൻ ഓള് റൗണ്ടര്‍ അക്സര്‍ പട്ടേലിനെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. കെ എല്‍ രാഹുല്‍ ക്യാപ്റ്റനാവാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് അക്സറിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന റിഷഭ് പന്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സിലേക്ക് പോയതോടെയാണ് ഈ സീസണില്‍ ഡല്‍ഹിക്ക് പുതിയ നായകനെ കണ്ടെത്തേണ്ടിവന്നത്.
ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിന് പിന്നാലെയാണ് അക്സറിനെ തേടി പുതിയ ഉത്തരവാദിത്തവും എത്തുന്നത്. കഴിഞ്ഞ ഏഴ് സീസണുകളിലായി ഡല്‍ഹി ടീമിന്റെ പ്രധാന താരങ്ങളിലൊരാളാണ് 31കാരനായ അക്സര്‍. 150 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 1653 റണ്‍സും 123 വിക്കറ്റും സ്വന്തമാക്കിയിട്ടുള്ള അക്സര്‍ ഡല്‍ഹി കുപ്പായത്തില്‍ 82 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ഡല്‍ഹിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തവും ബഹുമതിയുമായി കാണുന്നുവെന്ന് അക്സര്‍ പറഞ്ഞു. ഈ സീസണില്‍ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അജിങ്ക്യാ രഹാനെയെയും പഞ്ചാബ് കിംഗ്സ് ശ്രേയസ് അയ്യരെയും ലഖ്നൗ സൂപ്പര്‍ ജയന്റ്സ് റിഷഭ് പന്തിനെയും ആർസിബി രജത് പാട്ടീദാറിനെയും ക്യാപ്റ്റനായി തെരഞ്ഞെടുത്തിരുന്നു.