പാകിസ്താൻ ക്രിക്കറ്റിനെതിരെ ഗുരുതര വിമർശനവുമായി മുൻ താരം കമ്രാൻ അക്മൽ. ബംഗ്ലാദേശിനെപ്പോലുള്ള ടീമുകൾ സ്വന്തം നാട്ടിലെത്തി പാകിസ്താനെ വൈറ്റ് വാഷ് ചെയ്തു. ചാംപ്യൻസ് ട്രോഫി ആതിഥേയരായിട്ടും ടൂർണമെന്റിലെ ഒരു മത്സരം പോലും വിജയിക്കാനായില്ല. എന്നിട്ടും ഇക്കാര്യങ്ങൾ ആരും സംസാരിക്കുന്നില്ലെന്നാണ് പാകിസ്താൻ മുൻ താരത്തിന്റെ പരാതി.
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ദുബായിൽ കളിച്ചതിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നുണ്ട്. എന്നാൽ പാകിസ്താൻ സ്വന്തം ഗ്രൗണ്ടുകളിലാണ് കളിച്ചത്. എന്നിട്ടും ചാംപ്യൻസ് ട്രോഫിയിൽ ഒരു വിജയമില്ലാത്തതിൽ ആർക്കും പ്രശ്നമില്ല. ലോകത്തെ മറ്റു ടീമുകൾ കളിക്കുന്നതുപോലെയല്ല പാകിസ്താൻ ക്രിക്കറ്റ് കളിക്കുന്നത്.
അതാണു ശരിയായ പ്രശ്നം. ലോക ക്രിക്കറ്റിന് പാക്കിസ്താനോടുള്ള ബഹുമാനം എങ്ങോട്ടു പോകുന്നുവെന്നത് ആർക്കും വിഷയമല്ല. ടീമിന്റെ തുടർതോൽവിയെക്കുറിച്ച് ആരെങ്കിലും സംസാരിക്കണം. എങ്കിൽ മാത്രമെ താരങ്ങൾക്ക് വിജയിക്കണമെന്ന് ആഗ്രഹമുണ്ടാകു. കമ്രാൻ അക്മൽ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.
പാകിസ്താൻ ഒരു ഐസിസി ടൂർണമെന്റിന്റെ സെമി ഫൈനൽ പോലുമെത്തുന്നില്ല. ഗ്രൂപ്പ് ഘട്ടം പോലും കടക്കാൻ പാക് ടീമിന് കഴിയുന്നില്ല. പാക് ടീമിന്റെ ക്രിക്കറ്റ് മെച്ചപ്പെടുത്താൻ ആരെങ്കിലും ശ്രമിക്കണം. ഇല്ലെങ്കിൽ ഇനിയൊരിക്കലും ടീമിന് വിജയങ്ങൾ ഉണ്ടാകില്ല.’ കമ്രാൻ അക്മൽ വ്യക്തമാക്കി.