മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് കിരീട പോരാട്ടം. വൈകിട്ട് എട്ടിന് മുംബൈയിലാണ് മത്സരം. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്. വനിതാ പ്രീമിയര്‍ ലീഗിലെ കരുത്തുറ്റ ടീമുകളാണ് ഇരുവരും. ആദ്യ സീസണില്‍ കിരീടം നേടിയ മുംബൈ വീണ്ടും ഫൈനലിനെത്തിയിരിക്കുന്നു. ഡല്‍ഹിക്കിത് മൂന്നാം ഫൈനല്‍. ലക്ഷ്യം ആദ്യ കിരീടം.

മൂന്ന് സീസണിലും ഫൈനലിലെത്തിയിട്ടും കിരീടം നേടാനായില്ലെന്ന സങ്കടം ഇത്തവണ മറികടക്കണം ടീമിന്. എട്ട് മത്സരങ്ങില്‍ അഞ്ചും ജയിച്ച് നേരിട്ട് ഫൈനലിലെത്തിയ ഡല്‍ഹി സീസണില്‍ കരുത്തരാണെന്ന് പറയാതെ വയ്യ. രണ്ട് മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്.

ഡല്‍ഹിക്കായി മിന്നു മണിയും മുംബൈക്കായി സജന സജീവനും കളിക്കുന്നുണ്ട്. ഇരുവരും വയനാട്ടുകാര്‍.ലീഗില്‍ രണ്ട് തവണ മുംബൈയെ നേരിട്ടപ്പോഴും ജയം ഡല്‍ഹിക്കായിരുന്നു. സീസണില്‍ 300 റണ്‍സെടുത്ത ഓപ്പണല്‍ ഷഫാലി വര്‍മയുടെ ക്യാപ്റ്റന്‍ മെഗ് ലാനിംഗുമാണ് ടീമിന്റെ പ്രതീക്ഷ. ഷഫാലി തകര്‍ത്തടിച്ചാല്‍ ഫൈനലില്‍ ക്യാപിറ്റല്‍സിന് കരുത്താകും. 11 വിക്കറ്റ് വീതമെടുക്ക ശിഖ പാണ്ഡെയും ജെസും ബോളിങ്ങില്‍ ടീമിന് കരുത്താകും.

രണ്ടാം കിരീടം ലക്ഷ്യമിടുന്ന മുംബൈ പയ്യെത്തുടങ്ങി ഫുള്‍ ഫോമിലാണിപ്പോല്‍. എലിമിനേറ്ററില്‍ ഗുജറാത്ത് ജയന്റ്സിനെ 47 റണ്‍സിന് തോല്‍പിച്ചാണ് മുംബൈയുടെ വരവ്.സീസണില്‍ 493 റണ്‍സെടുത്ത നതിലി സ്‌കീവര്‍ ബ്രന്റ്, 304 റണ്‍സെടുത്ത ഹെയ്‌ലി മാത്യൂസ് എന്നിവരാണ് ബാറ്റിങ് പവര്‍ഹൗസ്. ഇവര്‍ക്ക് പിന്നാലെയാകും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ വരവ്.

ഫൈനല്‍ ഇരു ടീമുകളും നേര്‍ക്കുനേരെത്തുന്ന എട്ടാം മത്സരമാകും.നാലെണ്ണത്തില്‍ ഡല്‍ഹി ജയിച്ചപ്പോള്‍ മൂന്നെണ്ണം മുംബൈ ജയിച്ചു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ടോസ് നേടിയാല്‍ വന്‍ സ്‌കോറുയര്‍ത്താനാകും ടീമുകളുടെ ശ്രമം. ഇത്തവണ മൂന്ന് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്തവരാണ് ജയിച്ചത്.

മുംബൈയ്‌ക്കെതിരെ സീസണിലെ മൂന്നാം ജയത്തോടെ ഡല്‍ഹി ചാംപ്യന്‍മാരാകുടോ അതോ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് തോല്‍വിക്ക് മൂന്നാ മത്സരത്തില്‍ മുംബൈ പകരം വീട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റ് നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed