ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ തുടരും. ഇംഗ്ലണ്ട് പര്യടനത്തിലും രോഹിത് തന്നെ ടീമിനെ നയിക്കും. രോഹിത് തുടരാൻ ബിസിസിഐ സമ്മതം മൂളി എന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം താന്‍ വിരമിക്കുമെന്ന അഭ്യുഹങ്ങള്‍ക്ക് രോഹിത് ശര്‍മ മറുപടി പറഞ്ഞിരുന്നു. പറ്റുന്നിടത്തോളം കാലം ഏകദിനത്തില്‍ തുടരുമെന്നാണ് രോഹിത് വ്യക്തമാക്കിയത്.ന്യുസീലന്‍ഡിനെതിരായ ഫൈനലിലെ അര്‍ധസെഞ്ച്വറിയോടെ ആത്മവിശ്വാസം വീണ്ടെടുത്ത രോഹിത്തിന്റെ ആഗ്രഹം 2027 ലോകകപ്പ് വരെ ടീമില്‍ തുടരാനാണ്.

ഇതിനായി ഇന്ത്യന്‍ ബാറ്റിംഗ് കോച്ചും മുംബൈക്കാരനുമായ അഭിഷേക് നായര്‍ക്കൊപ്പം ദീര്‍ഘകാല പരിശീലന പദ്ധതിയാണ് രോഹിത് തയ്യാറാക്കിയിരിക്കുന്നത്.ഇന്ത്യന്‍ നായകന്റെ ഫിറ്റ്‌നസും ബാറ്റിംഗ് പരിശീലനവും ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളുമെല്ലാം ഇനിമുതല്‍ അഭിഷേക് നായരുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും.

രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിലെ സഹതാരങ്ങളായിരുന്നു രോഹിത്തും അഭിഷേക് നായരും. ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ നമീബിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായി വേദിയാവുന്ന 2027ലെ ലോകകപ്പിന് മുമ്പ് ഇന്ത്യ 27 ഏകദിനങ്ങളിലാവും കളിക്കുക.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തീര്‍ത്തും നിറംമങ്ങി, അവസാന ടെസ്റ്റിനുള്ള ടീമില്‍നിന്ന് സ്വയം മാറിനിന്ന രോഹിത് ഇപ്പോൾ റെഡ്‌ബോള്‍ ക്രിക്കറ്റിലും തുടരാനാണ് തീരുമാനം. ജൂണില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രോഹിത്തിന്റെ ഭാവിയില്‍ തീരുമാനം എടുക്കാമെന്ന നിലപാടിലാണ് ഇന്ത്യന്‍ടീം സെലക്ടര്‍മാര്‍.

Leave a Reply

Your email address will not be published. Required fields are marked *

You missed