കൊച്ചി: ലഹരിയുമായെത്തിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊച്ചിയിൽ പിടിയിലായി. പോലീസും ഡാൻസാഫും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ബംഗാൾ സ്വദേശി റോഹൻ ഷെയ്ഖും അസം സ്വദേശി യാസിർ അറാഫത്തുമാണ് അറസ്റ്റിലായത്.
അഞ്ച് കിലോ കഞ്ചാവുമായാണ് കാക്കനാട് നിന്ന് റോഹൻ ഷെയ്ഖ് ഡാൻസാഫിന്റെ പിടിയിലാവുന്നത്. അഞ്ച് വർഷം മുമ്പ് പെയിന്റിങ്ങ് പണിക്കായാണ് ഇയാൾ നഗരത്തിലെത്തുന്നത്. പിന്നീട് ലഹരി മാഫിയയുടെ കണ്ണിയായി മാറുകയായിരുന്നു.
പാലാരിവട്ടത്ത് നിന്നാണ് ചൊവ്വാഴ്ച്ച പുലർച്ചെ യാസിർ പിടിയിലാവുന്നത്. പതിനാല് ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെടുത്തു. നഗരത്തിൽ ലഹരിയെത്തിക്കുന്ന പ്രധാന ഡീലറാണ് ഇയാളെന്ന് അന്വേഷണസംഘം വ്യക്തമാക്കി. നാല് വർഷമായി ഇയാൾ കൊച്ചിയിലെത്തിയിട്ട്.
ആദ്യം കഞ്ചാവ് ഇടപാടായിരുന്നുവെന്നും പിന്നീടാണ് എംഡിഎംഎ ഇടപാടിലേക്ക് തിരിഞ്ഞതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.ബെംഗളൂരുവിൽ നിന്നും മറ്റും എത്തിക്കുന്ന ലഹരിമരുന്ന് പുലർച്ചെ 12 മുതൽ നാല് മണി വരെയാണ് ഇയാൾ നഗരത്തിൽ വിൽപന നടത്തുന്നത്. ഇതിനിടെയാണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇയാളെ പിടികൂടുന്നത്.