വീണ്ടുമൊരു ഐപിഎൽ ആരവത്തിന് കളമൊരുങ്ങുകയാണ്. മാറ്റങ്ങളോടെ റോയൽ ചലഞ്ചേഴ്സ് വീണ്ടുമെത്തുന്നു. ആർ സി ബി ആരാധകർക്ക് ഇത്തവണയും ഒറ്റ ആഗ്രഹം മാത്രം. കിങ് കോഹ്ലി കപ്പടിക്കണം. 17 വർഷങ്ങൾ കടന്നുപോയി. പലതവണ ഫൈനൽ കളിച്ചു. കനകകിരീടം കൈയ്യിലെടുക്കാൻ കാലമിത്ര ആയിട്ടും കഴിഞ്ഞിട്ടില്ല.ഐപിഎൽ ചരിത്രത്തോളം പഴക്കമുണ്ട് കിങ് കോഹ്ലിയുടെ കിരീടദാഹത്തിന്.
2008ൽ ഇന്ത്യയെ അണ്ടർ 19 ലോകജേതാക്കളാക്കിയ നായകൻ. ആ ടീമിലെ ചില താരങ്ങളുടെ കരിയറിന് മുന്നേറ്റമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. അപ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയപരീക്ഷണമായ ഐപിഎല്ലിന് തുടക്കമാകുന്നത്.
മനീഷ് പാണ്ഡെയും സൗരഭ് തിവാരിയും മുംബൈ ഇന്ത്യൻസിലെത്തി. രവീന്ദ്ര ജഡേജയെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.അണ്ടർ 19 ലോകകിരീടം നേടിയ നായകനും ഡൽഹിക്കാരനുമായിരുന്നു കോഹ്ലി.
എന്നിട്ടും അന്നത്തെ ഡൽഹി ഡെയർഡെവിൾസ് കോഹ്ലിക്ക് പകരം മറ്റൊരു ഡൽഹിക്കാരനും ഇടംകയ്യൻ പേസറുമായ പ്രദീപ് സാങ്വാനെയാണ് ടീമിലെടുത്തത്. ഇതോടെ വിരാട് കോഹ്ലിയെ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കി.
അങ്ങനെയാണ് വിരാട് കോഹ്ലി-ആർസിബി ബന്ധത്തിന് തുടക്കമാകുന്നത്.രാജകീയ തുടക്കത്തിന്റെ സൂചനകൾ ഒന്നും നൽകാത്ത ആദ്യ ഇന്നിംഗ്സ്. ഒറ്റ റൺസുമായി അയാൾ ക്രീസ് വിട്ടു. സീസണിലെ പ്രകടനവും മോശമായിരുന്നു. പക്ഷേ തൊട്ടടുത്ത വർഷം ഇന്ത്യൻ ടീമിന്റെ പടവുകൾ കോഹ്ലി കീഴടക്കി തുടങ്ങി.
2009ലെ ഐപിഎല്ലിൽ ആർസിബി ഫിനിഷറായി നിർണായക സംഭാവനകൾ. അനിൽ കുംബ്ലെ നയിച്ച ടീം ഐപിഎല്ലിന്റെ ഫൈനൽ കളിച്ചു. പക്ഷേ കനകകീരടത്തിനരികിൽ വീണുപോയി.11 വർഷം ബെംഗളൂരുവിൽ രാജാവിന്റെ ഭരണകാലമായിരുന്നു
ഇത്രയധികം കാലം ആർസിബിയുടെ സിംഹാസനത്തിൽ മറ്റാരും ഇരുന്നിട്ടില്ല. 143 മത്സരങ്ങളിൽ 66 ജയവും 70 പരാജയവും.നാല് തവണ പ്ലേ ഓഫിലെത്തി. അതിൽ വിരാടിലെ ഉഗ്രഫോം കണ്ട 2016ൽ ഫൈനലിലേക്കും കടന്നു. ഐപിഎൽ ചരിത്രത്തിൽ മറ്റാർക്കും നേടാനാകാത്ത 973 റൺസ് കോഹ്ലി ആ സീസണിൽ അടിച്ചെടുത്തു. പക്ഷേ വീണ്ടുമൊരു കലാശപ്പോരിൽ കലമുടയ്ക്കാനായിരുന്നു ആർസിബിയുടെ വിധി.
പോരാട്ടങ്ങൾ പലത് കടന്നുപോയി. 2021ൽ കിങ് കോഹ്ലി ആർസിബിയുടെ സിംഹാസനമൊഴിഞ്ഞു. ഫാഫ് ഡു പ്ലെസിസ് ആർസിബി നായകനായി. കഴിഞ്ഞ സീസണിന്റെ മധ്യത്തിൽ പുറത്താകലിന്റെ വക്കിൽ നിന്നും പ്ലേ ഓഫിലേക്ക്.
പക്ഷേ കിരീടമെന്ന സ്വപ്നം ആർസിബിക്ക് ഇനിയും അകലെയാണ്. ഇത്തവണ രജത് പാട്ടിദാറെന്ന പുതിയ നായകൻ. ആർസിബി ആരവം ഇത്തവണ ഉയരുമെന്ന പ്രതീക്ഷയിൽ ആരാധകർ. കാത്തിരിക്കാം കിങ് കോഹ്ലിയുടെ കിരീടധാരണത്തിനായി