ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഹാര്‍ദിക് മാനസികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്നും അപമാനിതനായിരുന്നെന്നും കൈഫ് പറഞ്ഞു.

ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിട്ടും പാണ്ഡ്യ ഒരിക്കലും തളര്‍ന്നിരുന്നില്ലെന്നാണ് കൈഫ് പറയുന്നത്. പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കവേയാണ് കൈഫ് മുംബൈ നായകന്റെ തിരിച്ചുവരവിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

ടി20 ലോകകപ്പ് ഫൈനലിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ ചാംപ്യന്‍സ് ട്രോഫി ഫൈനലിലും പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് പുലര്‍ത്തിയ ഹാര്‍ദിക് ഒരു സിംഹത്തെ പോലെയാണ് പോരാടുന്നതെന്നും കൈഫ് പറഞ്ഞു. കടുത്ത വിമര്‍ശനങ്ങളെ മറികടന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയ ഹാര്‍ദിക് പാണ്ഡ്യയുടെ ജീവിതം ഒരു ബയോപിക് ആക്കണമെന്നുംകെെഫ് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ നേരിട്ട അപമാനത്തിന്റെ വേദന ആരോടും കാണിക്കാതെയാണ് ഹാര്‍ദിക് മുന്നോട്ട് പോയത്. അദ്ദേഹത്തെ സബന്ധിച്ചിടത്തോളം അതൊരു മോശം യാത്രയായിരുന്നു.

പക്ഷേ ഹാര്‍ദിക് തളര്‍ന്നില്ല. ആരാധകര്‍ അവനെ കൂക്കിവിളിച്ചു. ഓള്‍റൗണ്ടറെ ബിസിസിഐയും നായകസ്ഥാനത്ത് നിന്നും ഒഴിവാക്കി’, കൈഫ് പറയുന്നു.ഒരാളെ അപമാനിക്കുന്നത് ഒരിക്കലും നല്ലതല്ല. ഹാര്‍ദിക്ക് മാനസികമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു. എന്തായാലും അദ്ദേഹം ലോകകപ്പില്‍ കളിക്കുകയും ഫൈനലില്‍ ഒരു നിര്‍ണായക ഓവര്‍ എറിയുകയും ചെയ്തു.

ഓസ്ട്രേലിയയ്ക്കെതിരായ ചാമ്പ്യന്‍സ് ട്രോഫിയുടെ സെമിഫൈനലില്‍, ആദം സാംപയുടെ പന്തില്‍ അദ്ദേഹം നേടിയ സിക്‌സ് ആയിരുന്നു കളിയിലെ ട്വിസ്റ്റ്. ബാറ്റുകൊണ്ടുംബോളുകൊണ്ടും അവന്‍ സിംഹത്തെപ്പോലെ പോരാടുന്നു,’ മുഹമ്മദ് കൈഫ് പറഞ്ഞു.

‘2025 ഐപിഎല്ലില്‍ ഹാര്‍ദിക്കിനെ സൂക്ഷിക്കുക. മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലേക്ക് എത്തും. ആരാധകര്‍ അദ്ദേഹത്തെ പിന്തുണയ്ക്കും, രോഹിത് ശര്‍മ അദ്ദേഹത്തിന് പിന്തുണ നല്‍കും. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ട്രോഫികള്‍ അദ്ദേഹം നേടിത്തന്നു’, കൈഫ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *