കണ്ണൂർ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊന്ന കേസിൽ ഒമ്പത് പ്രതികൾ കുറ്റക്കാരാണെന്ന് തലശ്ശേരി കോടതി കണ്ടെത്തി. പത്താം പ്രതിയെ കോടതി വെറുതെ വിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിൻ്റെ സഹോദരൻ മനോരാജ് നാരായണനും ടി.പി കേസ് പ്രതി ടി.കെ. രജീഷും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.സൂരജിനെ കൊന്ന കേസിൽ ശിക്ഷാ വിധി വരുന്നത് 19 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം. 2005 ഓഗസ്റ്റ് ഏഴിന് രാവിലെയായിരുന്നു മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിലിട്ട് വെട്ടിക്കൊന്നത്. ഓട്ടോയിലെത്തിയ പ്രതികൾ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നുവെന്നാണ് കേസ്.
ഇതിന് ആറുമാസം മുമ്പും സൂരജിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടർന്ന് ആറുമാസം കിടപ്പിലായി. പിന്നീട് പുറത്തിറങ്ങിയപ്പോൾ കൊല നടപ്പാക്കി. 32 വയസ്സായിരുന്നു സൂരജിന്. സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നതിൻ്റെ പകയായിരുന്നു അരുംകൊലയ്ക്ക് കാരണം.