മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈത്ത് ദേശീയ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ പ്രവാസി പുരസ്‌കാരം എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിക്ക്.
പാർലമെൻ്ററി രംഗത്തെ മികച്ച പ്രകടനവും പൊതുജനസേവനത്തിലെ മാതൃകാപരമായ മികവും പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനെന്ന നിലയിലെ ക്രിയാത്മകമായ ഇടപെടലുകളും പരിഗണിച്ചാണ് കെ.സി വേണുഗോപാലിന് പുരസ്‌കാരം നൽകുന്നത്.
ഒരു ലക്ഷം രൂപയും, പ്രശസ്‌തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. കെഎസ്‌യുവിലൂടെ പൊതു രംഗത്ത് എത്തിയ കെ.സി വേണുഗോപാൽ നിരവധി തവണ എം.പിയും എം.എൽ.എയുമായി സംസ്ഥാന മന്ത്രിസഭാ അംഗവും കേന്ദ്രമന്ത്രി സഭാ അംഗവുമായി സ്‌തുത്യർഹമായ സേവനത്തിലൂടെ ഇന്ന് ദേശീയ രാഷ്ട്രീയ രംഗത്ത് മലയാളിക്ക് അഭിമാനിക്കാവുന്ന സാന്നിധ്യവും ശബ്ദവുമായി മാറിയെന്ന് പുരസ്ക്‌കാര നിർണയ ജൂറി വിലയിരുത്തി.
രാജ്യം വെല്ലുവിളികൾ നേരിടുന്ന വർത്തമാന സാഹചര്യത്തിൽ പാർലമെൻ്റിന് അകത്തും പുറത്തും കെ.സിയുടെ ശബ്ദം മതേതര, ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷാ നിർഭരമാണെന്ന് ജൂറി ചൂണ്ടിക്കാട്ടി.