ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുതിന് ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് പുതിന് ഇന്ത്യയിലേക്ക് വരുന്നത്. പുതിന്റെ ഇന്ത്യാ സന്ദര്‍ശനത്തേ പറ്റി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആണ് അറിയിച്ചത്.കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി പുതിനെ കണ്ടിരുന്നു.
മോദി മൂന്നാം തവണ അധികാരത്തിലെത്തിയതിന് ശേഷം നടത്തിയ ആദ്യത്തെ നയതന്ത്രയാത്ര റഷ്യയിലേക്കായിരുന്നു. ഇത് പരാമര്‍ശിച്ച് ഇനി അഅടുത്തത് ഞങ്ങളുടെ ഊഴമാണ് എന്നാണ് സെര്‍ജി ലാവ്റോവ് പറഞ്ഞത്. 2024-ലെ സന്ദര്‍ശനത്തിലാണ് ഇന്ത്യയിലേക്ക് പുതിനെ മോദി ക്ഷണിച്ചത്.
യുക്രൈന് യുദ്ധം, അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷമുള്ള ആഗോള സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.യുക്രൈന് യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്.
എങ്കിലും, യുക്രൈനിലും റഷ്യയിലും ഒരേസമയം സന്ദര്‍ശനം നടത്തിയ ചുരുക്കം ചില രാഷ്ട്രനേതാക്കളിലൊരാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. 2024-ല്‍ പുതിനെയും യുക്രൈന് പ്രസിഡന്റ് സെലന്‍സ്കിയെയും മോദി കണ്ടിരുന്നു.
യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് റഷ്യയ്ക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ തുടര്‍ന്ന് റഷ്യ പ്രതിസന്ധിയിലായപ്പോള്‍ അവിടെനിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറായായി. ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കിലാണ് റഷ്യ ക്രൂഡ് ഓയില്‍ നല്‍കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞവര്‍ഷം ധാരണയായിരുന്നു.