ബെംഗളൂരു: ബെംഗളൂരുവിലെ ഹുളിമാവില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം ഒടിച്ചുമടക്കി സ്യൂട്ട്‌കേസിലാക്കി. ഗൗരി അനില്‍ സാംബേക്കര്‍ (32) എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭര്‍ത്താവ് രാകേഷ് സാംബേക്കറിനെ പൂനെയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മഹാരാഷ്ട്ര സ്വദേശിയായ രാകേഷ് തന്നെയാണ് കൊലപാതകത്തെക്കുറിച്ച് ഗൗരിയുടെ വീട്ടുകാരോട് ഫോണിലൂടെ കുറ്റസമ്മതം നടത്തിയത് എന്നാണ് വിവരം.രണ്ടുവര്‍ഷം മുമ്പാണ് ഗൗരിയും രാകേഷും വിവാഹിതരായത്. മഹാരാഷ്ട്രാ സ്വദേശികളായ ഇരുവരും രണ്ടുമാസം മുമ്പാണ് ബെംഗളൂരുവിലേക്ക് മാറിയത്.

ഒരു സ്വകാര്യ ഐ.ടി. കമ്പനിയില്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്ന രാകേഷിന്റെ ജോലി സംബന്ധമായാണ് ഇരുവരും ബെംഗളൂരുവിലേക്ക് എത്തിയത്. ഗൗരിക്ക് ജോലി ഇല്ലായിരുന്നുവെന്നും ഇവര്‍ ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നുവെന്നും ഗൗരിയുടെ കുടുംബത്തെ ഉദ്ധരിച്ച് പോലീസ് പറയുന്നു.

“ഇന്നലെ വൈകുന്നേരമാണ് ഹുളിമാവ് പോലീസിന് സംഭവവുമായി ബന്ധപ്പെട്ട ആദ്യത്തെ ഫോണ്‍കോള്‍ ലഭിച്ചതെന്ന് സ്റ്റേഷനിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ സാറാ ഫാത്തിമ പറഞ്ഞു.

തൂങ്ങിമരണം സംഭവിച്ചു എന്ന തരത്തിലാണ് വൈകുന്നേരം 5.30-ഓടെ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍കോള്‍ വന്നത്. ഉടന്‍തന്നെ പോലീസ് സംഭവസ്ഥലത്തെത്തി, എന്നാല്‍ അപ്പാര്‍ട്ടുമെന്റ് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്തുകടന്ന പോലീസിന് ആരെയും തൂങ്ങിമരിച്ചതായി കാണാന്‍ സാധിച്ചില്ല.”സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വീടുമുഴുവന്‍ അരിച്ചുപെറുക്കി.

പിന്നാലെയാണ് ശുചിമുറിയില്‍ നിന്നും സ്യൂട്ട്‌കേസ് ലഭിച്ചത്. സ്യൂട്ട്‌കേസ് തുറന്നപ്പോള്‍ അതില്‍ മൃതദേഹം ഒടിച്ചുമടക്കി വെച്ചിരിക്കുന്ന സ്ഥിതിയിലായിരുന്നു. വൈകാതെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

‘സാധാരണ ഇത്തരം കൊലപാതകങ്ങളില്‍ മൃതദേഹം കഷണങ്ങളാക്കിയ തരത്തിലായിരിക്കും, എന്നാലിവിടെ മൃതദേഹം ഒടിച്ചുമടക്കിയ നിലയിലായിരുന്നു’ -പോലീസ് പറയുന്നു.”പരിക്കുകളുടെ ആഴവും മരണകാരണവും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ എന്നും പോലീസ് വ്യക്തമാക്കി.

യുവതിയുടെ ഭര്‍ത്താവ് സ്ഥലത്തില്ല എന്ന് മനസിലാക്കിയ പോലീസ് അയാളെക്കുറിച്ച് അന്വേഷിച്ചു. കൊലപാതകത്തിന് ശേഷം രാകേഷ് പൂനെയിലേക്ക് കടന്നിരിക്കാം എന്നായിരുന്നു പോലീസിന്റെ പ്രാഥമികനി​ഗമനം. ഹുളിമാവ് പോലീസും പൂനെ പോലീസും സംയുക്തമായാണ് രാകേഷിനായുള്ള തിരച്ചില്‍ ആരംഭിച്ചത്.

ഇയാളുടെ കോള്‍ലിസ്റ്റ് പരിശോധിച്ചതില്‍ നിന്നാണ് പ്രതി പൂനെയില്‍തന്നെയുണ്ട് എന്ന വിവരം ലഭിച്ചത്.പിന്നാലെ പൂനെ പോലീസ് ഇയാളെ അന്വേഷിച്ച് കണ്ടെത്തുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

എന്നാല്‍, കൊലപാതകത്തിലേക്ക് രാകേഷിനെ നയിച്ച കാരണം ഇപ്പോഴും വ്യക്തമല്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ചോദ്യംചെയ്യലിനുമായി ഇയാളെ ബെംഗളൂരു പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി ബെംഗളൂരു പോലീസ് സംഘം പൂനെയിലേക്ക് പുറപ്പെട്ടിട്ടുള്ളതായി ഹുളിമാവ് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *