മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. വൈകിട്ട് 7.30ന് മുംബൈ വാങ്കഡേ
സ്റ്റേഡിയത്തിലാണ് മത്സരം.ഐപിഎല്ലിൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയും മൂന്ന് തവണ കിരീടം നേടിയ കൊൽക്കത്തയും മുഖാമുഖം വരുമ്പോള്‍ തീ പാറും പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങളും തോറ്റ മുംബൈ ഇന്ത്യൻസിന് സ്വന്തം കാണികള്‍ക്ക് മുമ്പിലെങ്കിലും ജയിച്ചു കാണിക്കണം. ആദ്യ കളി തോറ്റെങ്കിലും രണ്ടാം മത്സരം ജയിച്ച കൊല്‍ക്കത്തയാകട്ടെ വിജയത്തുടര്‍ച്ച തേടിയാണ് ഇന്നിറങ്ങുന്നത്.ചെന്നൈയോടും ഗുജറാത്തിനോടും തോറ്റ മുംബൈക്ക് ബാറ്റിംഗും ബൗളിംഗും ഉടച്ചുവാർക്കണം. രോഹിത് ശർമ്മ ഫോമിലെത്തുകയാണ് പ്രധാനം.
സൂര്യകുമാറും തിലക് വർമ്മയും മാത്രമാണ് ആദ്യ രണ്ട് മത്സരങ്ങളിൽ കൂടുതൽ റൺസ് കണ്ടെത്തിയത്. റയാൻ റിക്കെൽട്ടണും വിൽ ജാക്സും വാങ്കഡേയിൽ ക്ലിക്കാകണം. ബുമ്രയുടെ അസാന്നിധ്യം ബൗളിംഗ് നിരയിൽ പ്രകടമാണ്. മലയാളി താരം വിഗ്നേഷ് പുത്തൂരിന് വാങ്കഡേയിൽ അവസരം ലഭിക്കുമോ എന്നതാണ് മലയാളികളുടെ ആകാംക്ഷ.