ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ മലയാളി വൈദികരുള്‍പ്പെടെയുള്ളവരെ വിഎച്ച്പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ജബല്‍പുര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചു.
പിന്നാലെ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷം ലോക്‌സഭാ കവാടത്തിലും പ്രതിഷേധിച്ചു. രാജ്യത്ത് ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമം ആസൂത്രിതമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 253 ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വവാദികള്‍ അക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
വിഎച്ച്പി പ്രവര്‍ത്തകര്‍ മണ്ഡലയില്‍ നിന്നുള്ള വിശ്വാസികളുടെ തീര്‍ത്ഥാടനം തടസപ്പെടുത്തുകയും വൈദികരെ ഓംതി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.പൊലീസ് അവരെ വിട്ടയച്ചതിന് പിന്നാലെ വൈദികര്‍ മറ്റൊരു പള്ളിയില്‍ തീര്‍ത്ഥാടനം നടത്തുകയും വീണ്ടും അക്രമികള്‍ തടയുകയും ചെയ്തു.
വൈദികരെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി റാഞ്ചി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും പൊലീസിന്റെ സാന്നിധ്യത്തില്‍ അക്രമിക്കുകയും ചെയ്തു. വൈകിട്ട് അഞ്ചോടെയാണ് വൈദികര്‍ക്കും തീര്‍ത്ഥാടകര്‍ക്കും സ്‌റ്റേഷനില്‍നിന്ന് മാണ്ട്‌ലയിലേക്ക് പോകാന്‍ സാധിച്ചത്. ജബല്‍പൂര്‍ വികാരി ജനറല്‍ ഫാദര്‍ ഡേവിസ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജ് ടി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന പുരോഹിതന്മാരെയാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ അക്രമിച്ചത്.