ഭാസ്കരകാരണവര്‍ കൊലക്കേസ് കുറ്റവാളി ഷെറിന്‍ ജയിലില്‍ തുടരേണ്ടിവരും. ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം തല്‍കാലത്തേക്ക് മരവിപ്പിച്ചു.ജയിലിലെ വി.ഐ.പിയാണ് ഷെറിനെന്ന പരാതി ഷെറിന്‍ ജയിലിലെത്തിയ കാലം മുതലുള്ളതാണ്. അത് ശരിവെക്കുന്നതായിരുന്നു ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനവും.
ജീവപര്യന്തം തടവിന്‍റെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വര്‍ഷം പൂര്‍ത്തിയതിന് പിന്നാലെ ശിക്ഷാ ഇളവ് നല്‍കി ഷെറിനെ സ്വതന്ത്രയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷമായി തടവില്‍ കിടക്കുന്ന പലരുടെയും അപേക്ഷ ചവറ്റുകൊട്ടയില്‍ കിടക്കുമ്പോള്‍ ഷെറിന് കിട്ടിയ പരിഗണനയ്ക്ക് പിന്നില്‍ ഒരുമന്ത്രിയുടെ കരുതല്‍ എന്ന ആക്ഷേപം പോലും ഉയര്‍ന്നു.
ആ തീരുമാനം വന്ന് രണ്ട് ആഴ്ച പിന്നിടും മുന്‍പ് സഹതടവുകാരിയെ ആക്രമിച്ച് ഷെറിന്‍ വീണ്ടും പ്രതിയായി. ഇതോടെയാണ് ഷെറിനെ രക്ഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ തന്നെ മരവിപ്പിച്ചത്. മന്ത്രിസഭാതീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ മോചനം നടക്കൂ.
പക്ഷെ തീരുമാനമെടുത്ത് രണ്ട് മാസമായിട്ടും ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. മന്ത്രിസഭാ തീരുമാനം റദ്ദാക്കിയതായി ഉത്തരവ് ഇറങ്ങിയിട്ടില്ലെങ്കിലും വാക്കാല്‍ കൊടുത്ത നിര്‍ദേശപ്രകാരമാണ് ഫയല്‍ പിടിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ട് തല്‍കാലം ഷെറിന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ തുടരേണ്ടിവരും.