കൊച്ചി: നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല.

എന്നാല്‍ സഹനിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തല്‍. നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.”വരുന്ന ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

അഭിനേതാവെന്ന നിലയില്‍ പണം വാങ്ങുമ്പോള്‍ അതിന് നികുതി കൂടുതലാണ്. എന്നാല്‍ പാതി നിര്‍മാതാവ് എന്ന നിലയില്‍ പണം വാങ്ങുമ്പോള്‍ നികുതി താരതമ്യേന കുറവാണ്. മൂന്ന് സിനിമകളിലായി 40 കോടിയോളം രൂപ പൃഥ്വിരാജിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്”

2022 ല്‍ പുറത്തിറങ്ങിയവയാണ്. ഈ ചിത്രങ്ങളിലെ വരുമാനവുമായി ബന്ധപ്പെട്ട് മുമ്പും വിശദീകരണം തേടിയിട്ടുണ്ടെന്നാണ് ഐ.ടി. വകുപ്പില്‍ നിന്നുള്ള വിശദീകരണം. മാര്‍ച്ചില്‍ ഒരു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ഇക്കാര്യത്തില്‍ വിശദീകരണം തേടിയതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്.

ഇ-മെയില്‍ വഴിയാണ് നോട്ടീസ് അയച്ചത്. നേരിട്ടോ അല്ലാതെയോ മറുപടി നല്‍കാനാണ് നിര്‍ദേശം.”എമ്പുരാന്‍ ചിത്രത്തിന്റെ വിതരണക്കാരായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിൽ തന്നെയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനെതിരെയുള്ള നീക്കവുമെന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *