ഇത്തവണ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് 60 ഓളം രാജ്യങ്ങള്‍ക്ക് തീരുവ പ്രഖ്യാപിച്ചതില്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തപ്പെട്ടതില്‍ രണ്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ ഉണ്ട്. ഒന്ന് ചൈനയും മറ്റൊന്ന് വിയറ്റ്നാമും. അടിക്ക് തിരിച്ചടി എന്ന മട്ടില്‍ അമേരിക്കക്കെതിരെ മറു തീരുവ ചുമത്തിയാണ് ട്രംപിന്‍റെ പ്രഖ്യാപനത്തോട് ചൈന പ്രതികരിച്ചത്.

ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങി അമേരിക്കയ്ക്ക് മുകളില്‍ ചുമത്തിയ എല്ലാ തീരുവയും പിന്‍വലിക്കാന്‍ വിയറ്റ്നാം തീരുമാനിച്ചിരിക്കുകയാണ് .ഇതിനുള്ള അനുമതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാറിന് ലഭിച്ചതായി ബ്ലൂം ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തോ ലാം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി നേരിട്ട് ഫോണില്‍ സംസാരിച്ചു.

വിയറ്റ്നാമില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അധിക താരിഫുകള്‍ ചുമത്തരുതെന്ന് വിയറ്റ്നാം യുഎസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കൂടാതെ ഏപ്രില്‍ 9ന് ശേഷം കുറഞ്ഞത് 45 ദിവസമെങ്കിലും തീരുവ നടപ്പാക്കുന്നത് വൈകിക്കണമെന്നും വിയറ്റ്നാം ആവശ്യപ്പെട്ടതായാണ് സൂചന

ഒരു യുഎസ് പ്രതിനിധിയെ നിയമിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ട്രംപിനോട് അഭ്യര്‍ത്ഥിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. താരിഫ് പ്രഖ്യാപിച്ചതിനുശേഷം ട്രംപിനെ ആദ്യം ബന്ധപ്പെട്ട നേതാക്കളില്‍ ഒരാളാണ് ലാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസ് ഇറക്കുമതിയുടെ തീരുവ പൂജ്യമായി കുറയ്ക്കാന്‍ സെക്രട്ടറി സമ്മതിച്ചിട്ടുണ്ട്. യുഎസ് സാധനങ്ങള്‍ക്ക് മേല്‍ ശരാശരി തീരുവ 9.4 ശതമാനമാണെന്ന് വിയറ്റ്നാം പറഞ്ഞു. വാഷിംഗ്ടണില്‍ ട്രംപിനെ നേരിട്ട് കാണാനുള്ള ആഗ്രഹവും ലാം പ്രകടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *