കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്‌ക്കെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിവരങ്ങൾ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി). കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) ചെയ്യാത്ത സേവനത്തിന് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് 2.70 കോടി രൂപയോളം നൽകിയെന്നാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കുറ്റപത്രം.

കേസിൽ വിചാരണയ്ക്ക് അധികാരമുള്ള എറണാകുളത്തെ അഡിഷനൽ സെഷൻസ് കോടതി എസ്എഫ്ഐഒ കുറ്റപത്രം സൂക്ഷ്മപരിശോധന നടത്തി കൈമാറിയ ശേഷമാകും ഇ.ഡി. അന്വേഷണം.

സിഎംആർഎലിൽനിന്ന് അതിന്റെ ഉപകമ്പനിയായ എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഈടും പലിശയുമില്ലാതെ 77 ലക്ഷം രൂപ എക്സാലോജിക്കിനു വായ്പ നൽകിയതിലും അന്വേഷണമുണ്ടാകും.

സിഎംആർഎലിൽനിന്നു വിവിധ സ്ഥാപനങ്ങളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർക്ക് 133 കോടി രൂപയോളം കൈമാറിയതായി കണ്ടെത്തിയിരുന്നു. ഈ വിഭാഗത്തിലാണ് എക്സാലോജിക്കും ഉൾപ്പെടുന്നത്.

ഇത് റജിസ്റ്റർ ചെയ്തിരിക്കുന്നത് കൊച്ചിയിൽ ആയതിനാൽ ഈ കേസ് ഇവിടെയും എംപവറിൽ നിന്നു വായ്പ വാങ്ങിയത് ബെംഗളുരുവിലുമാകും പരിഗണിക്കപ്പെടുക.ഇ.ഡി അന്വേഷണത്തിന്റെ ഭാഗമായി 2024 ഏപ്രിൽ മുതൽ സിഎംആർഎലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഇ.‍ഡി ചോദ്യം ചെയ്യുകയും രേഖകൾ ശേഖരിക്കുകയും ചെയ്തിരുന്നു. അന്ന് ലഭിച്ച വിവരങ്ങളുടെയും എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും മുന്നോട്ടുള്ള അന്വേഷണം.

നേരത്തെ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് കമ്പനി ഡയറക്ടർ കൂടിയായ വീണ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു.

എക്സാലോജിക് റജിസ്റ്റർ ചെയ്തിരിക്കുന്നത് ബെംഗളുരുവിലായതിനാലായിരുന്നു കേസ് കർണാടകയിൽ വന്നത്. അതിനിടെ, എസ്എഫ്‌ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നൽകിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *