ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പഞ്ചാബ് കിങ്സ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‍വെല്ലിന് പിഴ വിധിച്ച് ബിസിസിഐ. മാച്ച് ഫീയുടെ 25 ശതമാനം പിഴയാണ് ബിസിസിഐ മാക്സ്‍വെല്ലിന് ചുമത്തിയിരിക്കുന്നത്. കൂടാതെ താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് മാക്സ്‍വെല്ലിന് പിഴ വിധിച്ചിരിക്കുന്നതെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
സാധാരണ ക്രിക്കറ്റ് കളിക്കിടെയുള്ള പ്രവർത്തനങ്ങൾക്ക് പുറത്തുള്ള കാര്യങ്ങൾ, അതായത് സ്റ്റമ്പിൽ അനാവശ്യമായി അടിക്കുകയോ ചവിട്ടുകയോ ചെയ്യുക, കൂടാതെ പരസ്യ ബോർഡുകൾ, ബൗണ്ടറി ലൈനുകൾ, ഡ്രസ്സിംഗ് റൂം വാതിലുകൾ, കണ്ണാടികൾ, ജനലുകൾ, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവ മനഃപൂർവമോ, അശ്രദ്ധമായോ കേടുപാടുകൾ വരുത്തുന്ന ഏതൊരു പ്രവൃത്തിയും കുറ്റകരമാണ്.
ഐപിഎൽ പെരുമാറ്റച്ചട്ടം വകുപ്പ് 2.2ൽ പറയുന്നത് ഇപ്രകാരമാണ്.ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ബാറ്റുകൊണ്ട് മോശം പ്രകടനമാണ് ഗ്ലെൻ മാക്സ്‍വെൽ നടത്തിയത്. രണ്ട് പന്തിൽ ഒരു റൺസെടുത്ത് താരം പുറത്തായി.. രണ്ട് ഓവർ എറിഞ്ഞ മാക്സ്‍വെൽ 10 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. ചെന്നൈ ഓപണിങ് ബാറ്റർ രചിൻ രവീന്ദ്രയുടെ വിക്കറ്റ് വീഴ്ത്തി മത്സരത്തിൽ നിർണായക ബ്രേയ്ക്ക് ത്രൂ നൽകിയത് മാക്സ്‍വെൽ ആണ്. മത്സരത്തിൽ പഞ്ചാബ് കിങ്സ് 18 റൺസിന് വിജയിച്ചു.