ബെംഗളൂരു: പ്യൂമയുമായുള്ള എട്ട് വര്‍ഷം നീണ്ട 110 കോടി രൂപയുടെ കരാര്‍ അവസാനിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിക്ക് പുതിയ സ്പോണ്‍സര്‍മാരായതായി റിപ്പോര്‍ട്ട്. സ്പോര്‍ട്‌വെയര്‍ സ്റ്റാര്‍ട്ടപ്പായ അജിലിറ്റാസായിരിക്കും കോലിയുടെ പുതിയ സ്പോണ്‍സര്‍മാര്‍ എന്ന് ദേശീയ റിപ്പോര്‍ട്ട് ചെയ്തു.
നീണ്ട എട്ട് വര്‍ഷക്കാലം ജര്‍മ്മന്‍ സ്പോര്‍ട്‌സ്‌വെയര്‍ ബ്രാന്‍ഡായ പ്യൂമയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയുടെ സ്പോണ്‍സര്‍മാര്‍. 2017ലാണ് കോലിയും പ്യൂമയുമായുള്ള കരാര്‍ ആരംഭിച്ചത്.
പ്യൂമയുടെ ഇന്ത്യയിലെ അംബാസഡറുമായിരുന്നു കിംഗ് കോലി. എട്ട് വര്‍ഷക്കാലത്തേക്ക് 110 കോടി രൂപയുടെ പരസ്യ കരാറായിരുന്നു കോലിയും പ്യൂമയും തമ്മിലുണ്ടായിരുന്നത്. കോലി അംബാസിഡറായതോടെ രാജ്യത്തെ ഏറ്റവും വലിയ കായിക വസ്ത്ര നിര്‍മാതാക്കളായി പ്യൂമ ഇന്ത്യ മാറിയിരുന്നു. എന്നാലിപ്പോള്‍ കരാര്‍ പുതുക്കാതെ കോലിയുമായുള്ള പങ്കാളിത്തം അവസാനിച്ചതായി പ്യൂമ ഇന്ത്യ അറിയിച്ചു.
എല്ലാ ഭാവി പദ്ധതികള്‍ക്കും കോലിക്ക് എല്ലാവിധ ആശംസകളും പ്യൂമ നേരുന്നു. വര്‍ഷങ്ങള്‍ നീണ്ട കോലിയുമായുള്ള സഹകരണം അവിസ്‌മരണീയമായിരുന്നു. കോലിക്കൊപ്പം ഗംഭീര പ്രചാരണങ്ങള്‍ കമ്പനിക്ക് നടത്താനായി. ഒരു സ്പോര്‍ട്‌സ് ബ്രാന്‍ഡ് എന്ന നിലയില്‍ ഇന്ത്യയിലെ അടുത്ത തലമുറ കായിക താരങ്ങളുമായിസഹകരിക്കുന്നത് പ്യൂമ തുടരും. ഇത് ഇന്ത്യന്‍ കായികരംഗത്തിനും കരുത്താകും’- എന്നും പ്യൂമ വക്താവ് പ്രതികരിച്ചതായി സിഎന്‍ബിസിറിപ്പോര്‍ട്ട് ചെയ്തു.