പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണ് തന്നെ ദായ്രയിലേക്ക് ആകർഷിച്ചതെന്ന് ബോളിവുഡ് താരം കരീന കപൂർ. ഏറെ പ്രചോദനം നൽകുന്ന ഒന്നാണ് ചിത്രത്തിന്റെ പ്രമേയം. മേഘ്ന ഗുൽസാറുമൊന്നിച്ച് ഒരു ചിത്രം ചെയ്യുന്നതിൽ ആവേശഭരിതയാണ്.
മികച്ച സിനിമാറ്റിക് അനുഭവമായിരിക്കും ദായ്ര എന്നും കരീന വ്യക്തമാക്കി.ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ഇത് ചെയ്യണമെന്ന് ഉറപ്പിച്ചതായി നേരത്തെ പ്രിഥ്വിരാജ് പറഞ്ഞിരുന്നു.
കഥ പുരോഗമിക്കുമ്പോൾ തന്റെ കഥാപാത്രവും അയാൾ കൊണ്ടുവരുന്ന കാര്യങ്ങളും തന്നെ ആകർഷിച്ചു. പല തലങ്ങളുള്ള ഒരു കഥാപാത്രമാണ്. പ്രേക്ഷരുമായി പെട്ടന്ന് കണക്ടാകും. മേഘ്ന ഗുൽസാർ, കരീന കപൂർ ഖാൻ, ടീം ജംഗ്ലി പിക്ചേഴ്സ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ ഏറെ ആവേശഭരിതനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മൾ ജീവിക്കുന്ന സമൂഹത്തെയും നമ്മെ നയിക്കുന്ന സ്ഥാപനങ്ങളേയും കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഥയാണ് ദായ്രയുടേതെന്ന് സംവിധായിക മേഘ്ന ഗുൽസാറും പറഞ്ഞു.വിക്കി കൗശൽ പ്രധാനവേഷത്തിൽ അഭിനയിച്ച സാം ബഹദൂർ ആണ് മേഘ്നയുടെ അവസാനചിത്രം. രൺബീർ കപൂറിന്റെ അനിമലുമായി തിയേറ്ററിൽ മത്സരിച്ച ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.