പ്രയാഗ്‌രാജ്: 2027-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇൻഡ്യാ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഇൻഡ്യാ സഖ്യം തകരില്ലെന്നും എന്നും ഒറ്റക്കെട്ടായി തുടരുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.. വഖഫ് ഭേദഗതി ബില്ലിലൂടെ ബിജെപി ഭൂമാഫിയയെ പോലെ പാവപ്പെട്ട ജനങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയെ ഭൂമാഫിയ പാര്‍ട്ടി എന്നാണ് അഖിലേഷ് യാദവ് വിശേഷിപ്പിച്ചത്.കുംഭമേളയിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ പുറത്തുവിട്ടത് തെറ്റാണ്.
നിരീക്ഷണ സംവിധാനങ്ങളിലും വലിയ വീഴ്ച്ചയുണ്ടായിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ മരണകാരണം തിരുത്താന്‍ ഇരകളുടെ കുടുംബങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്- അഖിലേഷ് യാദവ് ആരോപിച്ചു.
പിന്നാക്ക ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട്ടായ്മയായ പിഡിഎ 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.