മുതലപ്പൊഴി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കാൻ പ്രതിപക്ഷ ഗൂഢാലോചനയുണ്ടെന്ന്‌ മന്ത്രി വി ശിവൻകുട്ടി. മത്സ്യബന്ധന തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. വിഷയത്തിൽ എം.എൽ.എയുടെ ഓഫീസിലേയ്ക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.

മണൽ അടിഞ്ഞ് മത്സ്യബന്ധനത്തിന് തടസ്സം നേരിടുന്ന സാഹചര്യം ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ ലഭ്യമായ ഡ്രഡ്ജറും ജെ.സി.ബികളും ഉപയോഗിച്ച് മണൽ നീക്കം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും കണ്ണൂരിൽ നിന്നുള്ള വലിയ ഡ്രഡ്ജർ വ്യാഴാഴ്ച സമുദ്രമാർഗം എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.

സമുദ്ര നിരപ്പിൽ നിന്നു താഴെയുള്ള നാലഞ്ച് പഞ്ചായത്തുകൾക്ക് വെള്ളപ്പൊക്ക ഭീഷണിയുണ്ടാവാനുള്ള സാധ്യത ഉണ്ട്. അതിനാൽ അടിയന്തിരമായി പൊഴി മുറിക്കേണ്ടത് അനിവാര്യമാണ്. അതിനെതിരെ പ്രവർത്തിക്കുന്നത് ജനവിരുദ്ധമാണ്. 177 കോടി രൂപയുടെ തുറമുഖ വികസന പദ്ധതിക്ക് കേന്ദ്ര അംഗീകാരം ഇതിനകം ലഭിച്ചിരിക്കുന്നു.

ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഈ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനും മണൽ നീക്കം നിർബന്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *