കോട്ടയം: കോട്ടയം ഇരട്ടക്കൊലപാതക കേസിലെ പ്രതി അമിതിനെ റിമാൻഡ് ചെയ്തു. കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. അസം സ്വദേശിയായ അമിതിനെ തൃശൂർ മാളയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

തിങ്കളാഴ്ച്ചയാണ് വിജയകുമാറിനെയും ഭാര്യ മീരയെയും ചോര വാര്‍ന്ന് മരിച്ച നിലയില്‍ വീട്ടുജോലിക്കാരി കണ്ടെത്തിയത്. ഇരുവരുടെയും മുഖത്തും തലയിലും ആഴത്തിലുളള മുറിവുകളുണ്ടായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍കിടന്നിരുന്നത്. പ്രതി മനപൂര്‍വ്വം ഇവരെ വിവസ്ത്രരാക്കിയതാണ് എന്നാണ് സംശയിക്കുന്നത്. അമ്മിക്കല്ലും കോടാലിയും ഉപയോഗിച്ച് ഇവരുടെ മുഖം വികൃതമാക്കിയ നിലയിലായിരുന്നു.അമിത് ഉറാങ് വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും മൂന്നുവര്‍ഷം ജോലി ചെയ്തിരുന്നു.

ഈ കാലയളവില്‍ ഇയാള്‍ വിജയകുമാറിന്റെയും ഭാര്യയുടെയും മൊബൈലുകള്‍ മോഷ്ടിക്കുകയും ഒന്നരലക്ഷത്തോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തു.

വിജയകുമാറിന്റെ കുടുംബത്തിന്റെ പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അമിത് അറസ്റ്റിലായി. ഏപ്രില്‍ ആദ്യവാരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും അസം സ്വദേശിനിയായ കാമുകി ഉപേക്ഷിച്ചുവെന്ന് അമിത് തിരിച്ചറിഞ്ഞു. ഇത് ഇയാളെ പ്രകോപിപ്പിച്ചു. ഇതോടെ വിജയകുമാറിനെയും ഭാര്യയെയും കൊലപ്പെടുത്താന്‍ പ്രതി തീരുമാനിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *