ഉയിര്‍പ്പിനവര്‍ക്കൊരു തീപ്പൊരി വേണമായിരുന്നു. ഏപ്രില്‍ 13ന് അത് സംഭവിച്ചു. തലസ്ഥാനഭൂമിയിലെ പുല്‍മൈതാനത്ത് 18-ാം ഓവര്‍ വരെ കണ്ടത് കൊടുങ്കാറ്റിന് മുൻപത്തെ ശാന്തത. ജസ്പ്രിത് ബുംറയുടെ എണ്ണം പറഞ്ഞ പന്തുകള്‍ ആ ശാന്തതയുടെ മറനീക്കി. അവരൊരു ഒരു കൊടുങ്കാറ്റായി പരിണമിക്കണമെങ്കില്‍ അയാളുടെ കാല്‍പാദം ക്രീസിലുറയ്ക്കണമായിരുന്നു. വാംഖഡെ സാക്ഷി, ഹിറ്റ്മാൻ അവതരിച്ചു.
ഏപ്രില്‍ 12 വരെ പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനം, 23ന് രാവണയുമ്പോള്‍ മൂന്നാം നമ്പറിലേക്കൊരു കുതിപ്പ്. സീസണിന്റെ തുടക്കത്തിലേക്കൊന്ന് തിരിഞ്ഞുനോക്കിയാല്‍ മൈതാനങ്ങളില്‍ ജയത്തിന്റെ വക്കില്‍ കാലിടറുന്ന മുംബൈയെ കാണാം.
ഇന്ന് കഥ മാറിയിരിക്കുന്നു. കാരണം ചികയാൻ തലപുകയ്ക്കേണ്ടതില്ല. ഏത് മൈതാനത്തും വിക്കറ്റിലും വൈഭവം പുലർത്തുന്ന ബുംറയുടെ സാന്നിധ്യം.
രോഹിതിന്റെ ബാറ്റ് നിശബ്ദത വെടിഞ്ഞിരിക്കുന്നു.. പക്ഷേ, കല്ലേറുകളാണ് ഐപിഎല്‍ കാലമെന്നും രോഹിതിന്. അതയാളുടെ ശൈലികൊണ്ടാണ്. പവർപ്ലേ പരമാവധി ഉപയോഗിക്കുക, മുന്നിലെത്തുന്ന പന്തുകള്‍ക്ക് മെറിറ്റ് അടിസ്ഥാനമില്ല, ഗ്യാലറിയില്‍ നിക്ഷേപിക്കുക മാത്രമാണ് ലക്ഷ്യം.
പവർപ്ലെ സ്റ്റാറെന്നാണ് പരിഹാസം പോലും.ചുവടു മാറ്റിയിരിക്കുന്നു.വാംഖഡയിലെ തുടര്‍ച്ചയായിരുന്നു ഹൈദരാബാദില്‍. ഒരുപക്ഷേ, ചെന്നൈക്കെതിരായ മത്സരത്തിനേക്കാള്‍ മികച്ച ഇന്നിങ്സ്.
സ്ട്രൈക്ക് റൊട്ടേഷനും ഫീല്‍ഡിന് അനുസരിച്ചുള്ള കളിരീതിയും. എഫര്‍ട്ട്‌ലസായി രോഹിത് കളിക്കുകയാണ്, ആസ്വദിക്കുക, അതിനൊപ്പം സഞ്ചരിക്കുക.ബോള്‍ട്ട് താളം കണ്ടെത്താതും ഹാര്‍ദിക് ഡെത്ത് ഓവറുകളില്‍ റണ്‍സ് വഴങ്ങുന്നതും തിരിച്ചടിയായി.
എന്നാല്‍ ബുംറ വന്നതോടുകൂടി അതിന് പരിഹാരമാവുകയായിരുന്നു. ബുംറയെ പവര്‍പ്ലെയില്‍ ഹാര്‍ദിക് വിരളമായി മാത്രമാണ് ഉപയോഗിക്കുന്നത്. കൂറ്റൻ സ്കോറുകളിലേക്ക് ഫിനിഷ് ചെയ്യണമെങ്കില്‍ എതിരാളികള്‍ക്ക് ബുംറയുടെ അവസാന മൂന്ന് ഓവര്‍ താണ്ടണം. അത് അത്ര എളുപ്പമുള്ള ഒന്നല്ല.
പരുക്കിനും ശസ്ത്രക്രിയകള്‍ക്കും ബുംറയുടെ കൃത്യതയ്ക്ക് വിലങ്ങിടാനായിട്ടില്ല. ബെംഗളൂരു റണ്‍മഴ തീര്‍ത്ത മത്സരത്തില്‍ മുംബൈ ബൗളര്‍മാരെല്ലാം ഒരു ഓവറില്‍ പത്ത് റണ്‍സിന് മുകളില്‍ വഴങ്ങി.