ലണ്ടന്‍: പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് ലണ്ടനിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കുനേരെ പാകിസ്താൻ ഉന്നതോദ്യോഗസ്ഥന്‍റെ പ്രകോപനം.

ബ്രിട്ടനിലെ പാകിസ്താന്‍ ഹൈക്കമ്മിഷനു മുന്നില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ നടത്തിയ സമാധാനപരമായ പ്രതിഷേധത്തിനുനേരെയാണ് പാക് ഡിഫൻസ് അറ്റാഷെ പ്രകോപനപരമായ ആംഗ്യം കാണിച്ചത്. സമരക്കാരെ നോക്കി കഴുത്തറക്കുമെന്ന് ആംഗ്യംകാണിച്ചായിരുന്നു ഇയാളുടെ ഭീഷണി.

പാക് ഉദ്യോഗസ്ഥന്‍റെ പ്രകോപനപരമായ ആംഗ്യം സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ചായിരുന്നു ഇന്ത്യക്കാരുടെ പ്രതിഷേധം.

പാക് ഹൈക്കമ്മിഷനിലെ ഡിഫൻസ് അറ്റാഷെ തൈമൂര്‍ റാഹത്താണ് പ്രകോപനപരമായ അംഗവിക്ഷേപം നടത്തിയത്. പ്രതിഷേധത്തിനിടെ പാക് ഹൈക്കമ്മിഷന്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്തു.

ഇതോടെ ഇന്ത്യക്കാരുടെ പ്രതിഷേധം കടുത്തു. പ്രകോപനപരമായ പ്രവൃത്തിയാണ് പാക് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഭീകരതയെ അവര്‍ക്ക് അപലപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരും അതില്‍ പങ്കാളികളാണെന്നും ഇന്ത്യക്കാര്‍ പ്രതികരിച്ചു.

യു.കെ.യിലുള്ള ഇന്ത്യക്കാരായ അഞ്ഞൂറിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ പതാകകള്‍ വീശിയും ഭീകര സംഘടനകള്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നതിനെതിരേ പ്ലക്കാര്‍ഡുകള്‍ ഉയർത്തിയുമാണ് പ്രകടനത്തില്‍ പങ്കെടുത്തത്. യു.കെ. സര്‍ക്കാര്‍ പാകിസ്താനെതിരേ നയതന്ത്ര നടപടികള്‍ സ്വീകരിക്കണമെന്നും അവർ ആവശ്യമുന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *