തിരുവനന്തപുരം: പൊഴി മുറിച്ചതിനു പിന്നാലെ മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിലേക്ക് മടങ്ങിയ വളളം മറിഞ്ഞു. പൂത്തുറ സ്വദേശി ലിജോയുടെ ഉടമസ്ഥതയിലുളള ‘വേളാങ്കണ്ണി മാതാ’ എന്ന വളളമാണ് മറിഞ്ഞത്. വളളത്തിലുണ്ടായിരുന്ന 17 പേരും രക്ഷപ്പെട്ടു.

ശക്തമായ തിരമാലയില്‍പ്പെട്ട് അഴിമുഖത്തുവെച്ച് വളളം മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ടവരെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് കരയ്‌ക്കെത്തിച്ചത്.രണ്ടുദിവസം മുന്‍പാണ് മുതലപ്പൊഴിയിലെ മണല്‍മൂടിക്കിടന്ന പൊഴിമുഖം തുറന്നത്.

അഞ്ച് ദിവസങ്ങളിലായി 4 എസ്‌കവേറ്ററുകളും മണ്ണുമാന്തികളും ഡ്രഡ്ജറുമുപയോഗിച്ചാണ് പൊഴിമുഖം മുറിച്ച് വെളളം കടലിലേക്ക് ഒഴുക്കുന്നതിനുളള ചാല്‍ രൂപപ്പെടുത്തിയത്.440 മീറ്റര്‍ നീളത്തിലും 90 മീറ്റര്‍ വീതിയിലും മുതലപ്പൊഴിയില്‍ നിര്‍മ്മിച്ച പുലിമുട്ടാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അശാസ്ത്രീയമായാണ് പുലിമുട്ട് നിര്‍മ്മിച്ചതെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ ആരോപണംകഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എണ്‍പതോളം ജീവനുകള്‍ മുതലപ്പൊഴിയിലുണ്ടായ അപകടത്തില്‍ പൊലിഞ്ഞു.

ശക്തമായ തിരയില്‍പ്പെട്ട് നിരവധി ബോട്ടുകളും വളളങ്ങളും പൊഴിയിലെ കരിങ്കല്ലുകളിലും ടെട്രോപോഡുകളിലും ഇടിച്ചുതകരുന്നത് പതിവായിരുന്നു. പ്രദേശത്തെ മണല്‍ ഡ്രജ് ചെയ്ത് നീക്കുന്നതിലെ അനാസ്ഥയും പ്രതിഷേധത്തിന് കാരണമായി.

അദാനി ഗ്രൂപ്പിനായിരുന്നു മണല്‍ നീക്കാനുളള ചുമതല. മണല്‍ നീക്കാത്തത് മത്സ്യബന്ധനത്തെ ബാധിച്ചതോടെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം ആരംഭിച്ചു. സര്‍ക്കാര്‍ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *