ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെപ്രതി ഓരോ ഇന്ത്യക്കാരന്റേയും ചോര തിളയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തില്‍ പങ്കെടുത്തവര്‍ക്കും ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കിയവര്‍ക്കും ഏറ്റവും കടുത്ത ശിക്ഷതന്നെ നല്‍കുമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
മുഴുവന്‍ ലോകവും ഇന്ത്യക്കാരുടെ രോഷം പങ്കിടുകയാണെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യയോടൊപ്പം നിലകൊള്ളുകയാണെന്നും മോദി പറഞ്ഞു.
ഭീകരാക്രമണം ബാധിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഭീകരാക്രമണത്തില്‍ പങ്കടുത്തവര്‍ക്കും അതിനായി ഗൂഢാലോചന നടത്തിയവര്‍ക്കും ഏറ്റവും കടുത്ത തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭീകരാക്രണത്തിനുപിന്നിലുള്ളവരെ ലോകത്തുനിന്നുതന്നെ തുരത്തുമെന്ന് വ്യാഴാഴ്ച ബിഹാറില്‍ ബഹുജനറാലിയെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞിരുന്നു. ഭീകരരെ തിരഞ്ഞുപിടിച്ച് ഓരോ ഭീകരനേയും അവരെ പിന്തുണയ്ക്കുന്നവരേയും ശിക്ഷിക്കുമെന്നും മോദി പറഞ്ഞിരുന്നു.
കശ്മീരിനെ ഇല്ലായ്മ ചെയ്യാനാണ് ഭീകരരും അതിനുള്ള പദ്ധതി തയ്യാറാക്കുന്നവരും ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു. സമാധാനവും പുരോഗതിയും കശ്മീര്‍ജനത അനുഭവിക്കുന്നത് അക്കൂട്ടര്‍ക്ക് സഹിക്കാവുന്നതല്ലെന്നും അത് നശിപ്പിക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് പഹല്‍ഗാം ആക്രമണമെന്നും മോദി അഭിപ്രായപ്പെട്ടു.
140 കോടി ജനങ്ങളുടെ ഐക്യമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്ത്. അതിനാല്‍ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം. രാജ്യത്തിന്റെ ആത്മധൈര്യം പ്രകടമാക്കേണ്ട സന്ദര്‍ഭമാണിതെന്നും ഈ വെല്ലുവിളിയെ നേരിടാന്‍ നാമോരുത്തരും കരുത്താര്‍ജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.