വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ടിനാണ് കഴിഞ്ഞ ദിവസം സവായ് മാന്‍സിങ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ 35 പന്തിൽ നൂറു റൺസ് തികച്ച രാജസ്ഥാൻ താരം വൈഭവ് സൂര്യവംശി റെക്കോഡുകൾ തിരുത്തിയെഴുതി. 38 പന്തിൽ 101 റൺസെടുത്താണ് വൈഭവ് പുറത്തായത്.
അണ്ടർ 19 തലത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതാണ് താരത്തിന് ഐപിഎല്ലിലേക്കുള്ള വാതിൽ തുറന്നത്. എന്നാൽ മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണും വൈഭവിന്റെ കരിയറിൽ നിർണായക ഇടപെടൽ നടത്തിയിട്ടുണ്ട്. രാജസ്ഥാൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് വൈഭവിന്റെ പേര് നിർദേശിച്ചത് ലക്ഷ്മണാണെന്ന് ഒരിക്കൽ വൈഭവിന്റെ പരിശീലകനായ മനോജ് ഓജ പറഞ്ഞിരുന്നു.
അതേസമയം അണ്ടര്‍-19 ടെസ്റ്റ് മാച്ചിൽ ഓസ്ട്രേലിയക്കെതിരേ നടത്തിയ പ്രകടനമാണ് വൈഭവിന്റെ കരിയറിൽ വഴിത്തിരിവായത്. ഓസീസിനെതിരേ 58 പന്തിൽ സെഞ്ചുറി നേടിയതോടെ സൂര്യവംശിയെ രാജസ്ഥാൻ മാനേജ്‌മെന്റ് നോട്ടമിട്ടിരുന്നുവെന്ന് അടുത്തിടെ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ വ്യക്തമാക്കിയിരുന്നു. ‘
ബിഹാറിനുവേണ്ടി 12 വർഷവും 284 ദിവസവും പ്രായമുള്ളപ്പോൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതോടെയാണ് സൂര്യവംശി ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധപിടിച്ചുപറ്റിയത്. 2024 നവംബറിൽ വിജയ്ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരേ കളിച്ചതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ കളിക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യൻ താരമായി.
14 വർഷവും 23 ദിവസവമുള്ളപ്പോഴാണ് ഇത്തവണ ഐപിഎലിൽ അരങ്ങേറ്റം കുറിക്കുന്നത്. ഐപിഎലിലെ പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും നേടി. ഗുജറാത്തിനെതിരേ 35 പന്തിൽ സെഞ്ചുറി കുറിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന പ്രായംകുറഞ്ഞയാളായി.
ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സൂര്യവംശിയുടെ ജനനം. നാലാം വയസ്സിൽ കളിതുടങ്ങി. പിതാവ് തന്നെയായിരുന്നു ആദ്യ പരിശീലകൻ. ഒമ്പതാം വയസ്സിൽ നാട്ടിലെ ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു.
പിന്നീടുള്ള സൂര്യവംശിയുടെ വളർച്ച പ്രായത്തെ കവച്ചുവെക്കുന്നതായിരുന്നു. ഐപിഎൽ ടീമുമായി കരാറിലെത്തുന്ന പ്രായംകുറഞ്ഞ താരമായ സൂര്യവംശിയെ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്.