ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കുന്ന കാര്യത്തില്‍ സേനകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ യുദ്ധ കപ്പലുകളുടെ ചിത്രം പങ്കുവെച്ച് നാവികസേന. ‘ഒരു ദൗത്യവും ഏറെ ദൂരത്തല്ല, ഒരു കടലും അത്രയും വിശാലമല്ല’ എന്ന കുറിപ്പോടെയാണ് യുദ്ധകപ്പലുകളെ സജ്ജമാക്കിയിട്ടുള്ള ചിത്രങ്ങള്‍ നാവികസേന പങ്കുവെച്ചത്.

ആയുധക്കരുത്ത് കാട്ടി അറബിക്കടലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാവികസേന അഭ്യാസ പ്രകടനവും നടത്തിയിരുന്നു. പടക്കപ്പലില്‍നിന്ന് മിസൈല്‍ പരീക്ഷണമടക്കം നടത്തിയായിരുന്നു നാവികസേനയുടെ തയ്യാറെടുപ്പുകള്‍.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാമേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേനാമേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി, വ്യോമസേനാമേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് എന്നിവര്‍ പങ്കെടുത്തിരുന്നു.”

തിരിച്ചടിയുടെ സമയവും ലക്ഷ്യവും രീതിയും സേനകള്‍ക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായാണ് വിവരം.

ഇതിനിടെ ഇന്ന് കേന്ദ്രമന്ത്രിസഭാ യോഗവും മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതിയും ചേരുന്നു. പാകിസ്താനെതിരായ തുടര്‍ നടപടികള്‍ ഈ യോഗത്തിലുണ്ടാകും.

ഇതിനിടെ അടുത്ത 36 മണിക്കൂറിനുള്ള ഇന്ത്യയുടെ സൈനിക നടപടിയുണ്ടാകുമെന്ന് പാക് മന്ത്രി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.”

Leave a Reply

Your email address will not be published. Required fields are marked *