ദില്ലി: കശ്മീരിന്‍റെ കാര്യത്തിൽ ആരും മധ്യവസ്ഥത വഹിക്കുന്നതിൽ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ദീർഘകാലമായി നിലനിൽക്കുന്ന കശ്മീർ തർക്കത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിന്‍റെ വാഗ്ദാനത്തെ സ്വാഗതം ചെയ്യുകയും അതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയുടെ ഇക്കാര്യത്തില്‍ മൂന്നാമതൊരു കക്ഷിയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.കശ്മീരിനെക്കുറിച്ച് ഞങ്ങൾക്ക് വളരെ വ്യക്തമായ നിലപാടുണ്ട്. ഒരേയൊരു കാര്യം മാത്രമേ ബാക്കിയുള്ളൂ.
പാക് അധീന കശ്മീര്‍ (പിഒകെ) തിരികെവേണം. മറ്റൊന്നും സംസാരിക്കാനില്ല. ഭീകരരെ കൈമാറുന്നതിനെക്കുറിച്ച് അവർ സംസാരിക്കുകയാണെങ്കിൽ, അതിലും ചര്‍ച്ചയാകാം. ആരും മധ്യസ്ഥത വഹിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ആരുടെയെങ്കിലും മധ്യസ്ഥത ഞങ്ങൾക്ക് ആവശ്യമില്ല” – കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.അതേസമയം, ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണയിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പങ്കിനെ പാകിസ്ഥാൻ സ്വാഗതം ചെയ്തിരുന്നു.
അയൽരാജ്യങ്ങൾ തമ്മിലുള്ള കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാനുള്ള അദ്ദേഹത്തിന്‍റെ വാഗ്ദാനത്തിന് നന്ദി പറയുന്നുവെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാക് സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായത് എന്ന രീതിയിലാണ് ട്രംപിന്‍റെ പ്രതികരണങ്ങളും വന്നത്.
കശ്മീർ പ്രശ്നത്തിൽ ഇടപെടാനും തയ്യാറാണെന്നാണ് ട്രംപ് പറയുന്നത്. വെടിനിർത്തൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൃത്യമായി നേരത്തെ വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നതാണ്. അത് തന്നെയാണ് ട്രംപ് വീണ്ടും ആവർത്തിക്കുന്നത്.
സമാധാനം പുലരാൻ പ്രയത്നിച്ച രണ്ട് രാഷ്ട്ര തലവന്മാർക്കും അഭിനന്ദനം അറിയിച്ച് കൊണ്ടാണ് ട്രംപിന്റെ കുറിപ്പ് തുടങ്ങുന്നത്.ഇന്ത്യ എക്കാലവും പറഞ്ഞിരുന്നത് കശ്മീർ പ്രശ്നത്തിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ചർച്ചയല്ലാതെ മൂന്നാമതൊരു കക്ഷിയെ പങ്കാളിയാക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ്.
എന്നാൽ ട്രംപ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്നത്തിൽ എന്തെങ്കിലും പരിഹാരം ഉണ്ടാക്കുമെങ്കിൽ അതിൽ ഇടപെടാൻ അമേരിക്ക തയ്യാറാണ് എന്നാണ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂട്ടാനുള്ള നീക്കങ്ങൾ നടക്കുകയാണ് എന്നും ട്രംപ് കുറിപ്പിൽ പറയുന്നു.