ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം പെട്ടെന്ന് നിലയ്ക്കാന്‍ കാരണം ഇന്ത്യ അവസാനം നടത്തിയ ആക്രമണത്തില്‍ ഭയന്നിട്ടെന്ന് സൂചന. വെള്ളിയാഴ്ച രാത്രിയില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ ഡ്രോണുകള്‍ അയച്ച് പ്രകോപിപ്പിച്ചിരുന്നു.

പാകിസ്താന്‍ അയച്ച ഡ്രോണുകളെല്ലാം വെടിവെച്ചിട്ടതിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നിശ്ചയിച്ചത്. മെയ് 10-ന്‌ സൂര്യനുദിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പെ ഇന്ത്യ അതിശക്തമായി തിരിച്ചടി ആരംഭിച്ചു. പാകിസ്താന്റെ സുപ്രധാനമായ ആണവായുധ കേന്ദ്രത്തിന് അടുത്തുവരെ ഇന്ത്യയുടെ മിസൈലുകള്‍ പതിച്ചു. പാകിസ്താന്റെ വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും അതിന്റെ അടിസ്ഥാന സൗകര്യങ്ങളുമാണ് ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്നത്.

ഇതിനൊപ്പം തന്ത്രപ്രധാനമായ ആണവായുധങ്ങള്‍ സൂക്ഷിച്ചിരുന്ന വ്യോമതാവളത്തിന്റെ റണ്‍വേയടക്കം ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്നു. ഇതിന് ഏതാനും ചെറിയ ദൂരത്ത് മാത്രമാണ് പാക് ആണവായുധങ്ങളുണ്ടായിരുന്നത്. തലനാരിഴയ്ക്കാണ് പാകിസ്താന്‍ ആണവ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്.

പാകിസ്താന്റെ 11 തന്ത്രപ്രധാനമായ കേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ച് തകര്‍ത്തത്. റഫിഖി, മുരിദ്, നൂര്‍ ഖാന്‍, റഹിം യാര്‍ ഖാന്‍, സുക്കുര്‍, ചുനിയന്‍, പസ്‌രുര്‍, സിയാല്‍കോട്ട് തുടങ്ങിയ വ്യോമതാവളങ്ങളാണ് ഇന്ത്യയുടെ പ്രഹരത്തില്‍ സാരമായി നാശനഷ്ടങ്ങള്‍ നേരിട്ടത്.”പാകിസ്താന്റെ പടിഞ്ഞാറന്‍ മേഖലയിലെ വ്യോമശേഷി ഇന്ത്യയുടെ ആക്രമണത്തോടെ ദുര്‍ബലമായി.

ഇതില്‍ ചക്‌ലയിലെ നൂര്‍ ഖാന്‍ വ്യോമതാവളത്തിന് നേരെയും ഇന്ത്യ വിജയകരമായി ആക്രമണം നടത്തിയതോടെയാണ് പാകിസ്താന്‍ വിരണ്ടത്. പാകിസ്താന്‍ വ്യോമസേനയുടെ ചരക്ക് വിമാനമായ സി-130 ഹെര്‍കുലീസ്, ഐഎല്‍-78 എന്ന യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനുള്ള വിമാനം എന്നിവയുള്ളത്.

ഇതിനേക്കാള്‍ പ്രധാനമെന്തെന്നാല്‍ പാകിസ്താന്റെ ആണവായുധങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രാറ്റജിക് പ്ലാന്‍ ഡിവിഷന്‍ ഇതിന് തൊട്ടടുത്തായിരുന്നുവെന്നതാണ്.പാകിസ്താന്റെ ആണവ കമാന്‍ഡിന്റെ തലയാണ് ഈ സ്ഥലം.

അവിടെ പോലും വേണ്ടിവന്നാല്‍ ആക്രമണം നടത്താന്‍ മടിക്കില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ പാകിസ്താന്‍ അമ്പെ തളര്‍ന്നു. ഇനിയും പ്രകോപനമുണ്ടായാല്‍ ഇന്ത്യയുടെ തിരിച്ചടി എത്രത്തോളം കടുത്തതായിരിക്കുമെന്ന് പാകിസ്താന് അതോടെ ബോധ്യമായി.

ഇവിടെയുള്ള കിരാണ മലനിരകളില്‍ പാകിസ്താന്റെ ആണവായുധങ്ങള്‍ പ്രത്യേക ഭൂഗര്‍ഭ കേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ഇതില്‍നിന്ന് വ്യോമതാവളത്തിനെ പ്രത്യേക പാതവഴി ബന്ധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആക്രമണത്തില്‍ ഭയന്നുപോയ പാകിസ്താന്‍ യുഎസുമായി ബന്ധപ്പെട്ട് വെടിനിര്‍ത്താനുള്ള സന്നദ്ധത അറിയിച്ചു. ഇക്കാര്യം യുഎസ് ഇന്ത്യയെ അറിയിച്ചു. തുടര്‍ന്നാണ് ഡിജിഎംഒ തലത്തിലുള്ള ചര്‍ച്ച നടന്നതും വെടിനിര്‍ത്താന്‍ ഔദ്യോഗികമായി തീരുമാനിച്ചതും.

Leave a Reply

Your email address will not be published. Required fields are marked *