തിരുവനന്തപുരം: കൈമനത്ത് വാഴത്തോട്ടത്തില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തിനെ പോലീസ് തിരയുന്നു.

കരുമം ഇടഗ്രാമം പാഞ്ചിപ്ലാവിള വീട്ടില്‍ ഷീജ(50)യുടെ മരണവുമായി ബന്ധപ്പെട്ടാണ് ആണ്‍സുഹൃത്തായ ഓട്ടോഡ്രൈവര്‍ സജി എന്ന സനോജിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചത്.വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സജിയുടെ വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ ഷീജയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

“സനോജിന്റെ വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍നിന്ന് രാത്രി സ്ത്രീയുടെ നിലവിളികേട്ടതോടെയാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ശരീരമാകെ പൊള്ളലേറ്റനിലയിലായിരുന്നു.

ആദ്യഘട്ടത്തില്‍ മരിച്ചതരാണെന്ന് തിരിച്ചറിയാനായില്ല. തുടര്‍ന്ന് പോലീസ് കരമന പോലീസ് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത് ഷീജയാണെന്ന് തിരിച്ചറിഞ്ഞത്.ഷീജയും സനോജും ഏറെനാള്‍ ഒരുമിച്ച് താമസിച്ചിരുന്നതായാണ് വിവരം.

അതിനുശേഷം ഇവര്‍ തമ്മില്‍ പിണങ്ങുകയും സനോജ് ഷീജയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഷീജയുടെ സഹോദരി ഷീബ ആരോപിച്ചു.

ഉള്ളൂരിലെ ഒരു വസ്ത്ര വ്യാപാരസ്ഥാപനത്തില്‍ ജീവനക്കാരിയായ ഷീജ ഏറെനാളായി സ്ഥാപനത്തിന് സമീപത്തെ ഒരു ഹോസ്റ്റലിലാണ് താമസിച്ചുവന്നിരുന്നത്.

സംഭവമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മന്ത്രി വി. ശിവന്‍കുട്ടിയും സംഭവസ്ഥലം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *