മുംബൈ: ക്രിക്കറ്റ് ലോകം വീണ്ടും ഐപിഎല്‍ ആവേശത്തിലേക്ക്. ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും. ഫൈനല്‍ ഉള്‍പ്പടെ ശേഷിച്ചപതിനേഴ് മത്സരങ്ങള്‍ ആറ് വേദികളിലാണ് നടക്കുക.

നിര്‍ണായകമായ മത്സരങ്ങള്‍ പുനരാരംഭിക്കുക നാളത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തോടെ. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

പതിനാറ് പോയിന്റുള്ള ബെംഗളൂരു രണ്ടും 11 പോയിന്റുളള കൊല്‍ക്കത്ത ആറും സ്ഥാനത്ത്. ശേഷിച്ച മൂന്ന് കളിയില്‍ ഒറ്റ ജയം നേടിയാല്‍ ബെംഗളൂരു പ്ലേ ഓഫിലെത്തും.അവസാന രണ്ട് മത്സരങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കൊല്‍ക്കത്തയെ കീഴടക്കി പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാവുകയാവും ബെംഗളൂവിന്റെ ലക്ഷ്യം.

ബെംഗളൂരുവിനൊപ്പം അവസാന മത്സരത്തില്‍ ഹൈദരാബാദിനെയും തോല്‍പിച്ചാലും കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫില്‍ സ്ഥാനം പിടിക്കണമെങ്കില്‍ മറ്റ് ടീമുകളുടെ മത്സര ഫലങ്ങളെക്കൂടി ആശ്രയിക്കണം. പ്ലേ ഓഫില്‍ എത്താന്‍ വേണ്ടത് പതിനെട്ട് പോയിന്റ്.

ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് പ്ലേ ഓഫ് സാധ്യതയുള്ള മറ്റ് ടീമുകള്‍ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് അവസാന നാലില്‍ എത്തില്ലെന്ന് ഉറപ്പായി പുറത്തായ ടീമുകള്‍.

ജയ്പൂര്‍, ഡല്‍ഹി, ലക്‌നൗ, മുംബൈ, അഹമ്മദാബാദ് എന്നിവയാണ് ബെംഗളൂരുവിനെ കൂടാതെയുള്ള വേദികള്‍.. ഒന്നാം ക്വാളിഫയര്‍ മേയ് 29നും എലിമിനേറ്റര്‍ 30നും രണ്ടാം ക്വാളിഫയര്‍ ജൂണ്‍ ഒന്നിനും ഫൈനല്‍ മൂന്നിനും നടക്കും. ഫൈനല്‍ ഉള്‍പ്പടെയുള്ള നോക്കൗട്ട് മത്സരങ്ങളുടെ വേദികള്‍ പിന്നീട് പ്രഖ്യാപിക്കും. നേരത്തേ പുറത്തിറക്കിയ മത്സരക്രമം ഫൈനല്‍ നടക്കേണ്ടിയിരുന്നത് മേയ് 25ന് കൊല്‍ക്കത്തയില്‍.”

Leave a Reply

Your email address will not be published. Required fields are marked *