ദോഹ: എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രം സൃഷ്ടിച്ച് ഖത്തർ പ്രവാസിയായ കണ്ണൂർ സ്വദേശിനി സഫ്രീന ലത്തീഫ്. 8,848 മീറ്റർ ഉയരമുള്ള കൊടുമുടി 20 മണിക്കൂറിലധികം കുത്തനെ കയറിയാണ് കീഴടക്കിയത്. ഒരു മാസത്തോളം നീണ്ട കഠിനമായ ദൗത്യത്തിനൊടുവിൽ മേയ്​ 18 ഞായറാഴ്​ച രാവിലെ നേപ്പാൾ സമയം 10.25ഓടെയാണ്​ എവറസ്​റ്റ്​ കൊടുമുടി തൊട്ടുകൊണ്ട്​ സഫ്രീന ചരിത്രം കുറിച്ചത്​.

ഈ നേട്ടത്തോടെ, എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഖത്തറിൽ നിന്നുള്ള ആദ്യ ഇന്ത്യൻ പ്രവാസി വനിതയും കേരളത്തിൽ നിന്നുള്ള ആദ്യ വനിതയുമായി അവർ മാറി.”ഹമദ്​ മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സർജനായ ഭർത്താവ് ഡോ. ഷമീലിനൊപ്പം സഫ്രീനയും വർഷങ്ങളായി പർവതാരോഹണം ഹോബിയാക്കിയവരാണ്​.

ഇരുവരും 2021ൽ ടാൻസാനിയയിലെ കിലിമഞ്ജാരോ (5,895 മീ.), 2022ൽ അർജന്റീനയിലെ അക്കോൻകാഗ്വാ (6,961 മീ.) 2024ൽ റഷ്യയിലെ എൽബ്രസ് (5,642 മീ.) എന്നീ കൊടുമുടികൾ വിജയകരമായി കീഴടക്കിയിട്ടുണ്ട്.

2023ൽ കസാക്കിസ്ഥാനിലെ ഉയരം കൂടിയ ഹിമഗിരികളിൽ ഐസ് പരിശീലനവും പൂര്‍ത്തിയാക്കി.

പരിക്കിനെ തുടർന്ന്​ ഡോ. ഷമീലിന് എവറസ്​റ്റ്​ സ്വപ്​നത്തിൽ നിന്ന് പിന്മാറേണ്ടി വന്നപ്പോഴും സ്വപ്​നം വിടാതെ പിന്തുടർന്ന സഫ്രീന കഠിന പരിശീലനവും തയ്യാറെടുപ്പും പൂർത്തിയാക്കി​ ഈ ഏപ്രിൽ 12നാണ്​ ​ദോഹയിൽ നിന്നും നേപ്പാളിലേക്ക്​ യാത്രയായത്.​

Leave a Reply

Your email address will not be published. Required fields are marked *