കോട്ടയം: പ്ലസ് ടു റിസൾട്ട് വന്നതിനു പിന്നാലെ തുടർവിദ്യാഭ്യാസത്തെപ്പറ്റി അന്വേഷിക്കാൻ പോയപ്പോഴാണ് കോട്ടയം തോട്ടക്കാട് സ്വദേശി അഭിദ പാർവതി വാഹനാപകടത്തിൽ മരിച്ചത്.
പഠിക്കാൻ മിടുക്കിയായിരുന്ന അഭിദയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും സഹപാഠികളും. കോട്ടയം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകിട്ട് മൃതദേഹം സംസ്കരിക്കും.അമ്മക്കൊപ്പം കോട്ടയം നഗരത്തിലേക്ക് എത്തി തിരികെ മടങ്ങുന്നതിനിടെയാണ് അഭിദയ്ക്ക് ജീവൻ നഷ്ടപ്പെടുന്നത്. ഇരുവരെയും കാർ ഇടിച്ചിടുകയായിരുന്നു.
ബസ് സ്റ്റോപ്പിലേക്ക് കയറാൻ ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടു.ഹയർസെക്കണ്ടറി പരീക്ഷാഫലമെത്തി മിനിറ്റുകൾക്കകമാണ് അഭിദയ്ക്ക് ജീവൻ നഷ്ടമായത്.
ഉയർന്ന മാർക്ക് നേടിയാണ് അഭിദ ഹയർസെക്കണ്ടറി പരീക്ഷ പാസ്സായത്. അതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. പുതിയ കോഴ്സിന് ചേരാൻ വേണ്ടിയാണ് അമ്മയും അഭിദയും കോട്ടയത്തേക്ക് പോയത്. പഠിക്കാൻ മിടുക്കിയായിരുന്നു അഭിദയെന്നും ബന്ധു പറയുന്നു.