ദില്ലി: ഐപിഎൽ 2025 സീസൺ പ്ലേ ഓഫിലേയ്ക്ക് അടുക്കുകയാണ്. എല്ലാ മത്സരങ്ങളും പൂർത്തിയാകുന്നതിന് വളരെ മുമ്പ് തന്നെ ഇത്തവണ പ്ലേ ഓഫ് ലൈനപ്പായി എന്നതാണ് പ്രധാന സവിശേഷത. എന്നാൽ, നാല് പ്ലേ ഓഫ് സ്ഥാനങ്ങളുടെ കാര്യത്തിലും തീരുമാനമായെങ്കിലും യോഗ്യത നേടിയ ടീമുകളൊന്നും ഇതുവരെ ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിച്ചിട്ടില്ല. ഏതാനും മത്സരങ്ങൾ മാത്രം ശേഷിക്കെ ക്വാളിഫയർ 1 എന്ന നിർണായകമായ റൗണ്ടിലേയ്ക്ക് നാല് ടീമുകളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്ഓരോ ടീമിന്റെയും ക്വാളിഫയർ സാധ്യതകൾ എങ്ങനെയെന്ന് നോക്കാം.
- ഗുജറാത്ത് ടൈറ്റൻസ്
നിലവിൽ 18 പോയിന്റുകളുമായി (+0.309) ഗുജറാത്ത് ടൈറ്റൻസാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ, അവസാന രണ്ട് മത്സരങ്ങളിൽ ലക്നൗ സൂപ്പർ ജയന്റ്സിനോടും ചെന്നൈ സൂപ്പർ കിംഗ്സിനോടും പരാജയപ്പെട്ടതോടെ ഗുജറാത്തിന് ഇനി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ന് നടക്കാനിരിക്കുന്ന പഞ്ചാബ് കിംഗ്‌സ് – മുംബൈ ഇന്ത്യൻസ് മത്സരത്തിലെ വിജയികൾ ഗുജറാത്തിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്തും.
നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ചാൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആദ്യ രണ്ടിൽ സ്ഥാനം ഉറപ്പിക്കും. ഗുജറാത്ത് മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ പിന്തള്ളപ്പെടുകയും ചെയ്യും. ഇതോടെ ക്വാളിഫയറിന് പകരം എലിമിനേറ്ററിൽ ഗുജറാത്തിന് മത്സരിക്കേണ്ടി വരും. എന്നാൽ, നാളെ ബെംഗളൂരു പരാജയപ്പെട്ടാൽ ഗുജറാത്ത് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ക്വാളിഫയറിന് യോഗ്യത നേടും.
2. പഞ്ചാബ് കിംഗ്സ്
പുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത പഞ്ചാബ് കിംഗ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
17 പോയിന്റുകളുള്ള പഞ്ചാബ് (+0.327) ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടാനൊരുങ്ങുകയാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ 19 പോയിന്റുമായി പഞ്ചാബിന് ഗുജറാത്തിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താം
3. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളിലൊന്നാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. നിലവിൽ 17 പോയിന്റുകളുമായി ബെംഗളൂരു (+0.255) മൂന്നാം സ്ഥാനത്താണ്. നാളെ ലക്നൗവിനെതിരെ വിജയിച്ചാൽ ബെംഗളൂരു ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തും.
ഇന്ന് പഞ്ചാബ് മുംബൈയെ തോൽപ്പിച്ചാൽ നെറ്റ് റൺ റേറ്റ് അനുസരിച്ച് ഒന്നാം സ്ഥാനത്തെത്താൻ ബെംഗളൂരുവിന് വലിയ മാർജിനിൽ ജയിക്കേണ്ടി വരും. മറിച്ച്, മുംബൈ പഞ്ചാബിനെ തോൽപ്പിച്ചാൽ ബെംഗളൂരുവിന് നാളെ എങ്ങനെ വിജയിച്ചാലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും.
- മുംബൈ ഇന്ത്യൻസ്
മോശമായി തുടങ്ങുകയും അവസാനം കത്തിക്കയറി പ്ലേ ഓഫിലെത്തുകയും ചെയ്ത ടീമാണ് മുംബൈ ഇന്ത്യൻസ്. നിലവിൽ 16 പോയിന്റുള്ള മുംബൈ പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ പഞ്ചാബിനെതിരെ ജയിച്ചാൽ മുംബൈയ്ക്കും 18 പോയിന്റാകുകയും ഗുജറാത്തിനൊപ്പമെത്തുകയും ചെയ്യും.