ചണ്ഡീഗഡ്: ഐപിഎല്ലില്‍ ലീഗ് ഘട്ടം പൂര്‍ത്തിയായി പ്ലേ ഓഫ് ചിത്രം തെളിഞ്ഞപ്പോള്‍ നാലു ടീമുകളാണ് ഇനി അങ്കത്തട്ടില്‍ അവശേഷിക്കുന്നത്. ഒന്നാം സ്ഥാനക്കാരയ പഞ്ചാബ് കിംഗ്സ്, രണ്ടാം സ്ഥാനത്തെത്തിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, മൂന്നാം സ്ഥാനത്തെത്തിയ ഗുജറാത്ത് ടൈറ്റന്‍സ്, നാലാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസ് ടീമുകളാണ് പ്ലേ ഓഫിലെത്തിയത്.
ഇതില്‍ നാളെ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ആദ്യ രണ്ട് സ്ഥാനക്കാരായ പഞ്ചാബ് കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റമുട്ടും. ചണ്ഡീഗഡിലെ മുള്ളന്‍പൂരിലാണ് മത്സരം. ഇതില്‍ ജയിക്കുന്ന ടീം ഫൈനലിലെത്തും. തോല്‍ക്കുന്നവര്‍ക്ക് ഗുജരാത്ത്-മുംബൈ എലിമിനേറ്റര്‍ ജയിച്ചെത്തുന്നവരുമായി ഒരുവട്ടം കൂടി മത്സരിക്കാന്‍ അവസരമുണ്ട്. ഇതില്‍ ജയിച്ചാലും ഫൈനലിലെത്താം.
എന്നാല്‍ നാളെ നടക്കുന്ന ആദ്യ ക്വാളിഫയര്‍ തന്നെ ജയിച്ച് ഫൈനലിന് ടിക്കറ്റെടുക്കാനായിരിക്കും ആര്‍സിബിയും പഞ്ചാബും ശ്രമിക്കുക എന്നുറപ്പാണ്.ഐപിഎല്ലിലെ പല മത്സരങ്ങളിലും മഴ വില്ലനായ പശ്ചാത്തലത്തില്‍ നാളത്തെ മത്സരത്തിലും മഴ കളിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.
നാളെ മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത വിരളമാണെന്നാണ് കാലവസ്ഥാ പ്രവചനം. എന്നാല്‍ മഴ കളിച്ചാല്‍ ആരാകും ഫൈനലിലെത്തുക എന്ന ചോദ്യം ആരാധക മനസിലുണ്ടാവും.മത്സരത്തിന് റിസര്‍വ് ദിനമില്ലാത്തതിനാല്‍ മഴ കാരണം മത്സരം പൂര്‍ണമായും ഉപേക്ഷിക്കേണ്ടിവന്നാല്‍ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെന്ന നിലയില്‍ പഞ്ചാബ് കിംഗ്സ് ഫൈനലിന് ടിക്കറ്റെടുക്കും.
ആര്‍സിബി എലിമിനേറ്റര്‍ പോരാട്ടം ജയിച്ചെത്തുന്ന ടീമുമായി മത്സിരക്കേണ്ടിവരുംഈ മത്സരവും ചണ്ഡീഗഡിലാണ്. ഇതില്‍ തോല്‍ക്കുന്ന ടീം പുറത്താവും.
ജയിക്കുന്ന ടീമിന് രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ്-ആര്‍സിബി ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമുമായി വീണ്ടും മത്സരിക്കാന്‍ അവസരം ലഭിക്കും. ഞായറാഴ്ച അഹമ്മദാബാദിലാണ് രണ്ടാം ക്വാളിഫയര്‍. ചൊവ്വാഴ്ച അഹമ്മദാബാദില്‍ തന്നെയാണ്ഫൈനല്.