ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനായി ചരിത്രം കുറിച്ച് ജിതേഷ് ശർമയും മായങ്ക് അ​ഗർവാളും. ലഖ്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 228 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നു.

അഞ്ചാം വിക്കറ്റിൽ ജിതേഷ് ശർമയും മായങ്ക് അ​ഗർവാളും ചേർന്ന പിരിയാത്ത 106 റൺസിന്റെ കൂട്ടുകെട്ട് ആർസിബി വിജയത്തിൽ നിർണായകമായി. ഇരുവരും കുറിച്ചത് ചരിത്ര നേട്ടവും കൂടിയാണ്.

2016ലെ ഐപിഎല്ലിന്റെ പ്ലേ ഓഫിൽ റോയൽ ചലഞ്ചേഴ്സ് ​താരങ്ങളായ ​എ ബി ഡിവില്ലിയേഴ്സും ഇക്ബാൽ അബ്ദുളയും ചേർന്ന് കുറിച്ച പിരിയാത്ത 91 റൺസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് പഴങ്കഥയായത്. അന്ന് ​ഗുജറാത്തിനെ വീഴ്ത്തി ഐപിഎൽ ഫൈനലിൽ കടന്ന ആ​ർസിബി പക്ഷേ സൺറൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരുന്നു.

ഇത്തവണ ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെയാണ് റോയൽ ചലഞ്ചേഴ്സ് നേരിടേണ്ടത്. മത്സരം വിജയിച്ചാൽ ആർസിബിക്ക് നേരിട്ട് ഫൈനലിന് യോ​ഗ്യത ലഭിക്കും.

പരാജയമാണ് ഫലമെങ്കിൽ എലിമിനേറ്ററിൽ മത്സരിക്കുന്ന ​ഗുജറാത്ത് ടൈറ്റൻസ് – മുംബൈ ഇന്ത്യൻസ് വിജയികളെ രണ്ടാം ക്വാളിഫയറിൽ നേരിടണം. ഇതിൽ വിജയിക്കുന്ന ടീമിനാണ് ഫൈനലിൽ മത്സരിക്കാൻ അവസരം ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *